
നെടുമങ്ങാട്: വിരലിൽ ഈർക്കിൽ തുളച്ചുകയറിയാളുടെ വിരലിന്റെ രണ്ടിടത്ത് ഓപ്പറേഷൻ നടത്തിയെന്ന് പരാതി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ കരിപ്പൂര് കാവുമ്മൂല ഷഹനാ മൻസിലിൽ ഷാജഹാനും ബന്ധുക്കളും ചികിത്സാപ്പിഴവാരോപിച്ച് ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി. ചൂണ്ടു വിരലിനും പെരു വിരലിനും ഇടയ്ക്കുള്ള ഭാഗത്താണ് ഓപ്പറേഷൻ നടത്തിയത്. കഴിഞ്ഞ ഒന്നാം തീയതിയാണ് കൈയിൽ ഈർക്കിൽ തുളച്ചു കയറിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഷാജഹാന് ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം പലഭാഗത്തും വിരൽ കീറിയിരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ പരാതി പറയരുതെന്നും ഈ ആശുപത്രിയിൽ ഇനിയും വരാനുള്ളതല്ലേ എന്നും ഡോക്ടർ ചോദിച്ചതായി പരാതിയിൽ പറയുന്നു. പരാതി കിട്ടിയിട്ടുണ്ടെന്നും പിഴവുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.