തിരുവനന്തപുരം: കോൺഗ്രസിൽ നിന്നെത്തിയവർക്ക് നഗരസഭ തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകാൻ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പിയുടെ വികസന പദയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കെ.കരുണാകരന്റെ വിശ്വസ്തനും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന തമ്പാനൂർ സതീഷിനെയും സ്ഥാനാർത്ഥിയാക്കിയേക്കും. ബി.ജെ.പി സംസ്ഥാന സമിതി അംഗമായ സതീഷിനുവേണ്ടി പദ്മജയും ബി.ജെ.പി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. 1995 മുതൽ 10 വർഷം തമ്പാനൂർ വാർഡിൽ സതീഷ് കൗൺസിലറായിരുന്നു.
കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും വിശ്വസ്തനും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗവും നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന കെ.മഹേശ്വരൻ നായർക്ക് മുടവൻമുഗളിൽ സീറ്റ് നൽകിയേക്കുമെന്നാണ് വിവരം. 2015ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്നു മഹേശ്വരൻ നായർ. മേയർ ആര്യാ രാജേന്ദ്രനാണ് നിലവിലെ കൗൺസിലർ. മഹേശ്വരൻ നായർക്കും പദ്മജ വേണുഗോപാലിന്റെ പിന്തുണയുണ്ട്.
കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായ കെ.എസ്.ശബരീനാഥനെതിരെ കവടിയാറിൽ വി.വി.രാജേഷ് മത്സരിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജേഷിനു താത്പര്യം വട്ടിയൂർക്കാവാണ്. ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന രാജേഷ് പൂജപ്പുര കൗൺസിലറാണ്. പൂജപ്പുരയിൽ ഇത്തവണ വനിതാ സംവരണമാണ്. കവടിയാറിൽ മധുസൂദനൻ നായർ സ്ഥാനാർത്ഥിയായേക്കും.
പദ്മിനി തോമസ് പാളയത്ത്
കോൺഗ്രസിൽ നിന്നെത്തിയ മുൻ ഒളിമ്പ്യനും റെയിൽവേ ഉദ്യോഗസ്ഥയുമായിരുന്ന പദ്മിനി തോമസിന് വിജയസാദ്ധ്യതയുള്ള വാർഡ് നൽകാൻ രാജീവ് ചന്ദ്രശേഖർ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്. പാളയം വാർഡിലേയ്ക്കാണ് പരിഗണിക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ പദ്മിനി തോമസ് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും സീറ്റ് നൽകിയിരുന്നില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പദ്മിനി തോമസ് കേരളകൗമുദിയോട് പറഞ്ഞു.