
പാറശാല: ദേശീയപാതയിലെ ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഗതാഗതത്തിനും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും തടസങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ദേശീയപാതയിൽ പരശുവയ്ക്കൽ മുതൽ കൊറ്റാമം വരെയുള്ള ഭാഗത്താണ് ചരക്ക് വാഹങ്ങളുടെ അനധികൃത പാർക്കിംഗ്. തിരക്കേറിയ റോഡിൽ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുള പരശുവയ്ക്കൽ, കൊറ്റാമം എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾക്ക് സമീപത്തെ വളവുകളിലാണ് ട്രെയിലർ ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
രാത്രി സവാരി കഴിഞ്ഞ് നേരം പുലരും മുൻപും രാവിലെയുമായി എത്തുന്ന വാഹനങ്ങൾ റോഡിന്റെ ഇരുവശത്തുമായി നിരനിരയായി പാർക്ക് ചെയ്തശേഷം ലോറിത്തൊഴിലാളികൾ സ്ഥലം വിടുകയാണ് പതിവ്. വാഹങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി പ്രദേശത്തെ പെട്രോൾ പമ്പുകളിലേക്ക് പ്രവേശിക്കുന്നതിനും ഗതാഗതത്തിനും തടസമുണ്ടാക്കുകയാണ്. മാത്രമല്ല പ്രദേശത്തെ കല്യാണ മണ്ഡപങ്ങളിലും ബാങ്കുകൾ ഉൾപ്പെടെയുള്ള ധകാര്യ സ്ഥാപനങ്ങളിലും കടകളിലുമായി എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യാനാകാതെ വീർപ്പുമുട്ടുന്നതും ഇവിടെ പതിവാണ്.
പകൽ സവാരി കഴിഞ്ഞ് തിരികെ വൈകുന്നേരത്തോടെ എത്തുന്ന ലോറികളെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പകൽ സമയങ്ങളിൽ തമിഴ്‌നാട്ടിലേക്ക് കടത്തിവിടാത്തത് കാരണമാണ് ഇവിടെ പാർക്ക് ചെയ്തശേഷം ഡ്രൈവർമാർ സ്ഥലംവിടുന്നത്.വിവരം പൊലീസിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.