തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ കെട്ടിടനിർമ്മാണചട്ട ഭേദഗതികളും തിരുവനന്തപുരം മാസ്റ്റർ പ്ലാനും തലസ്ഥാന നഗരത്തിൽ നിക്ഷേപ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായരും ക്രെഡായ് കേരള ചെയർമാൻ റോയ് പീറ്ററും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടങ്ങളുടെ ഉയരത്തിലുള്ള നിയന്ത്രണം കുറച്ചതോടെ ഒരേകെട്ടിടത്തിൽ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സഹായിക്കും. വൻകിട നഗരങ്ങളിലെല്ലാം സമാനമായ നിലയിലാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐ.ടി,ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ കമ്പനികളുടെ വരവിന് ഇത് സഹായിക്കും.പുതിയ ചട്ടഭേദഗതിയിലൂടെ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഒഴിവാകും.ബിൽഡിംഗ് പെർമിറ്റിന്റെ കാലാവധി 15 വർഷമാക്കി വർദ്ധിപ്പിച്ചത് മുടങ്ങിപ്പോയ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കും.മുടങ്ങിപ്പോയ പദ്ധതികൾ മറ്റൊരാൾക്ക് ഏറ്റെടുക്കുന്നതിനും ഇത് സഹായിക്കും.കെ സ്മാർട്ടിന്റെ വരവോടെ നിർമ്മാണങ്ങൾക്ക് എതിരായ ഊമപ്പരാതികൾ കുറച്ചു.ഇത്തരം ഊമപ്പരാതികളുടെ പേരിൽ നിർമ്മാണങ്ങൾ തടസപ്പെട്ടിരുന്നു. ഇപ്പോൾ പരാതികാർക്ക് പേരും മേൽവിലാസവും നിർബന്ധമാണ്.പുതിയ മാറ്റങ്ങൾ കോസ്റ്റ് ഓഫ് ഡൂയിംഗ് ബിസിനസ് കുറയ്ക്കുകയും ഹാപ്പിനസ് ഓഫ് ഡൂയിംഗ് ബിസിനസ് വർദ്ധിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി അബ്രഹാം തോമസ് (ജോജി),ക്രെഡായ് തിരുവനന്തപുരം പ്രസിഡന്റ് അരുൺ അയ്യപ്പൻ ഉണ്ണിത്താൻ,ജയചന്ദ്രൻ,നിഖിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആവശ്യങ്ങൾ മൂന്നു പാർട്ടികളെയും അറിയിക്കും
തലസ്ഥാന നഗരവികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മൂന്നു പാർട്ടിക്കും കത്ത് നൽകുമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ വ്യക്തമാക്കി.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇതിനോടകം നൽകി.കഴിഞ്ഞ തിരഞ്ഞെടുപ്പിലെപ്പോലെ തിരുവനന്തപുരം വികസന മുന്നണി സ്ഥാനാർത്ഥികൾ ഇക്കുറിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.