
നെടുമങ്ങാട്: ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചെന്നും റോബോട്ടിക് സർജറി ഗവണ്മെന്റ് തലത്തിൽ നടത്തിയ ആദ്യ സംസ്ഥാനം എന്ന ബഹുമതിക്ക് കേരളം അർഹമായെന്നും മന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കിഫ്‌ബി ഫണ്ട് 89 കോടിയോളം രൂപ വിനിയോഗിച്ച് നെടുമങ്ങാട് ആശുപത്രിയിൽ നൂതന സൗകര്യങ്ങളോടുകൂടിയ 6 നിലകളിലുള്ള പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിൽ 12480 ചതുരശ്ര അടിയിൽ ആധുനിക രീതിയിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് സുമി.കെ.വി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ എസ്.അജിത.എസ്,സിന്ധു, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്,പൂവത്തൂർ ജയൻ,വിതുര രാജൻ തുടങ്ങിയവർ പങ്കെടുത്തു.