തിരുവനന്തപുരം:നാഷണൽ സർവീസ് സ്കീമും ജയരാജ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 28, 29 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരുഭൂമീകരണത്തെയും ഭൂമിയുടെ നാശത്തെയും പ്രതിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റെയിൻ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. മൂവായിരത്തിലധികം എൻഎസ്എസ് യൂണിറ്റുകൾ പ്രകൃതി പ്രമേയമായി 10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളും, ഡോക്യുമെന്ററികളും നിർമ്മിക്കും. ഇതിൽ നൂറെണ്ണം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഡയറക്ടർ ജയരാജ്, നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ഡോ. ഡി. ദേവിപ്രിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.