
കിളിമാനൂർ: കിളിമാനൂരിലെ പഴയകുന്നുമ്മൽ പഞ്ചായത്തിലെ പുതിയകാവിലെ പൊതു മാർക്കറ്റ് പുനഃർ നിർമ്മാണം ദ്രുതഗതിയിൽ. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മാർക്കറ്റ് നവീകരണപദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകുകയും പഞ്ചായത്ത് തുടർ നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ഏക ആശ്രയം
കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ് കിളിമാനൂരിലുള്ളത്. കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിനോട് ചേർന്നുള്ളതാണ് ഈ സ്ഥലം. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്,നഗരൂർ,മടവൂർ,പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നും ജില്ലാഅർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും നിന്നും നിരവധിയാളുകളാണ് മാർക്കറ്റിനെ ആശ്രയിക്കുന്നത്.
ശോചനീയാവസ്ഥയ്ക്ക് പരിഹാരം
വെറ്റില മുതൽ കന്നുകാലികളെ വരെ വിൽക്കാനും വാങ്ങാനുമായി ഇവിടെ ആളുകളെത്തുന്നുണ്ട്. ഞായറും വ്യാഴവുമാണ് പ്രധാന മാർക്കറ്റ് ദിവസങ്ങൾ. മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടത്തിന് ആളുകൾ കുറഞ്ഞു. ആളുകൾ മറ്റ് മാർക്കറ്റുകളെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ പഞ്ചായത്തിന് വരുമാനവും കുറഞ്ഞു. തുടർന്നാണ് മാർക്കറ്റ് പുതുക്കിപ്പണിയാൻ തീരുമാനമായത്.