തിരുവനന്തപുരം: ടെക്നോപാർക്കിൽ നാലുവർഷത്തിനകം 1000 പേർക്ക് തൊഴിൽ ലഭിക്കുന്ന ഡിസൈൻ സെന്റർ സ്ഥാപിക്കും. ഇലക്ട്രോണിക്‌സ്,ഐ.ഒ.ടി,ഒപ്റ്റോ-ഇലക്ട്രോണിക്‌സ് ഉത്പന്ന നിർമ്മാണ കമ്പനിയായ വിൻവിഷ് ടെക്നോളജീസാണ് 2027ഓടെ ഫേസ്-3ൽ സ്വന്തം ക്യാമ്പസ് സ്ഥാപിക്കുന്നത്.

ഏകദേശം 500 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 1,10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് യൂണിറ്റ് സ്ഥാപിക്കുക. ടെക്നോപാർക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റായ 'ആസ്പയർ:സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി'ൽ വിൻവിഷ് ടെക്നോളജീസ് സി.ഒ.ഒ പയസ് വർഗീസാണ് ഇക്കാര്യമറിയിച്ചത്. ഫേസ് 3ലെയും കിൻഫ്രയിലെയും മുഴുവൻ കാമ്പസുകളുടെയും നിർമ്മാണം 2027ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ സൗകര്യങ്ങൾ പൂർത്തിയാകുമ്പോൾ കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന്(ഐ.പി.ഒ) പോകും. ടെക്നോപാർക്കിൽ നിന്നുള്ള കമ്പനികൾക്ക് ബ്രഹ്മോസും ഐ.എസ്.ആർ.ഒയുടെ യൂണിറ്റുകളായ വി.എസ്.എസ്.സി,എൽ.പി.എസ്.സി, ഐ.ഐ.എസ്.യു എന്നിവയും ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പയസ് വർഗീസ് ചൂണ്ടിക്കാട്ടി.