
തിരുവനന്തപുരം: വന്ദേമാതരം ഗാനത്തിന്റെ 150-ാമത് വാർഷികം സംസ്ഥാനത്ത് ഇന്നുമുതൽ 26വരെ ആഘോഷിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ശ്രീലേഖ അറിയിച്ചു. ആഘോഷസമിതി കൺവീനർ കൂടിയാണ് ശ്രീലേഖ. മാരാർജിഭവനിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം ആലാപനം, പ്രശസ്തർ പങ്കെടുക്കുന്ന പരിപാടികൾ, സാമൂഹ്യമാദ്ധ്യമപ്രചാരണങ്ങൾ എന്നിവ നടക്കും. വിവിധ യുവജനപ്രസ്ഥാനങ്ങൾ, സ്കൂളുകൾ എന്നിവയുടെ ആഭിമുഖ്യത്തിലും പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ വി.മനുപ്രസാദ്, ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവരും പങ്കെടുത്തു.