k

തിരുവനന്തപുരം:മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അനീഷ അഷ്റഫിന് (32) പത്താംതരം തുല്യതാപരീക്ഷ വീട്ടിലിരുന്ന് എഴുതാം.ഇതിനുള്ള പ്രത്യേക അനുമതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ പരിശോധിച്ചാണ് തീരുമാനമെടുത്തത്.പരീക്ഷാഭവൻ നടത്തുന്ന തുല്യതാപരീക്ഷയുടെ രഹസ്യസ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഇളവ് അനുവദിച്ചത്.

എട്ടാംവയസിലാണ് തൃശ്ശൂർ തളിക്കുളം സ്വദേശിനി അനീഷയ്ക്ക് പേശികൾ ക്രമേണ നശിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചത്.11 വയസ്സായപ്പോഴേക്കും നടക്കാൻ കഴിയാതായി.ഇതോടെ പഠനം ഉപേക്ഷിച്ചു.നിലവിൽ കസേരയിൽ ഇരിക്കാൻപോലും പ്രയാസമുള്ള അവസ്ഥയിലാണ്.2023ൽ അനീഷയ്ക്ക് ഏഴാംക്ലാസ്സ് തുല്യതാപരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകിയിരുന്നു.2021ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ മത്സരത്തിൽ അനീഷ എഴുതിയ കഥയ്ക്ക് തൃശ്ശൂരിൽ ഒന്നാംസമ്മാനം ലഭിച്ചിട്ടുണ്ട്.2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാവ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു.

വീട്ടിലെ മുറി പരീക്ഷാഹാളാകും

പരീക്ഷാർത്ഥിയുടെ വീട്ടിലെ ഒരു മുറി പരീക്ഷാഹാളിന് സമാനമായി സജ്ജീകരിക്കണം.മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാനടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാപേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും.