maramadi

തിരുവനന്തപുരം: കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മരമടി, കാളപൂട്ട്, കന്നുപൂട്ട്, ഉഴവ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിൽ ഇനി തീരുമാനം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റേത്. മത്സരം പുനഃസ്ഥാപിക്കാൻ നിയമസഭ പാസാക്കിയ ജന്തുക്കളോടുള്ള ക്രൂരതതടയൽ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാനാണിത്. രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമവകുപ്പും ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ തമിഴ്നാട് നടത്തിയ നിയമനിർമ്മാണത്തിന്റെ മാതൃകയിലാണ് ഇവിടെയും ഭേദഗതി പാസാക്കിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാൻ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ പാസാക്കിയത്. അതിനാലാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്. രാഷ്ട്രപതി ബിൽ കേന്ദ്രസർക്കാരിന് കൈമാറും. ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയ്ക്കുശേഷം രാഷ്ട്രപതി അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും.

അനുമതി ലഭിച്ചാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും. മത്സരങ്ങൾ പുനഃരാരംഭിക്കാനുമാവും.

നിലവിൽ കന്നുപൂട്ട്, മരമടി അടക്കം മത്സരങ്ങൾ നിരോധിച്ചിരിക്കുകയാണ്.

കാർഷിക പാരമ്പര്യവും സംസ്കാരവും പിന്തുടരാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മരമടി, കന്നുപൂട്ട് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള നിയമഭേദഗതിയെന്ന് സർക്കാർ വിശദീകരിക്കുന്നു. കാളകളുടെയും പോത്തുകളുടെയും പരിപാലനവും സംരക്ഷണവും ഉറപ്പാക്കുക, കന്നുകാലികളെ വളർത്തുന്നവരുടെ ഉപജീവനമാർഗം സംരക്ഷിക്കുക എന്നിങ്ങനെ ലക്ഷ്യങ്ങളും ബില്ലിനുണ്ടെന്ന് സർക്കാർ ഗവർണറെ അറിയിച്ചിട്ടുണ്ട്. ഗോവയിൽ നിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും. അനിമൽ വെൽഫെയർ ബോർഡും നാഗരാജയും തമ്മിലുള്ള (2014) കേസിലായിരുന്നു ജെല്ലിക്കെട്ട് അടക്കം നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവ്.

നിയമമുണ്ടാക്കി 3 സംസ്ഥാനങ്ങൾ

തമിഴ്നാട്ടിലെ ജെല്ലിക്കട്ടും കർണാടകയിലെ പോത്തോട്ട മത്സരമായ കമ്പളയും മഹാരാഷ്ട്രയിലെ കാളയോട്ടവും തുടരാൻ സംസ്ഥാനങ്ങൾ നിയമഭേദഗതിയുണ്ടാക്കി

ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചു. അതിന്റെ ഭരണഘടനാസാധുത അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവച്ചു

നിയമഭേദഗതിയിലൂടെ മത്സരങ്ങളിലെ പിഴവുകൾ പരിഹരിച്ചെന്നും മൃഗങ്ങളുടെ വേദനയും ബുദ്ധിമുട്ടുകളും കുറച്ചെന്നും സുപ്രീംകോടതി വിലയിരുത്തി

ജെല്ലിക്കെട്ട് തമിഴ്സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചതിനാൽ മറിച്ചൊരു നിലപാട് ജുഡിഷ്യറിക്കില്ലെന്നാണ് കോടതി പറഞ്ഞത്.