പാലോട്: വാമനപുരം മണ്ഡലത്തിലെ ജവഹർ കോളനിയിൽ പാലം പുനർനിർമ്മിക്കുന്നതിന് 1.74 കോടി രൂപയുടെ അനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ എം.എൽ.എയുടെ ശുപാർശ പ്രകാരം പുതിയ പാലം നിർമ്മിക്കാൻ 1.5 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ്, അനുവദിക്കപ്പെട്ട തുകയെക്കാൾ കൂടുതലായതിനാൽ ധനകാര്യവകുപ്പിൽ നിന്ന് യഥാസമയം അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ പാലത്തിന്റെ കാലപ്പഴക്കവും അനിവാര്യതയും ധനകാര്യ, വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും എം.എൽ.എ നേരിട്ട് ബോദ്ധ്യപ്പെടുത്തിയതിന്റെ ഭാഗമായാണ് പുതുക്കിയ ഡി.എസ്.ആർ അനുസരിച്ചുള്ള 1.74 കോടി രൂപയ്ക്ക് പുതിയ പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചത്. പുതിയ പാലത്തിന് 13.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുണ്ടാകും. വകുപ്പിൽ നിന്നുള്ള സാങ്കേതികാനുമതി കൂടി ലഭ്യമാക്കി വളരെവേഗം പ്രവൃത്തിയുടെ ടെൻഡർ നടപടികളാരംഭിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.