
ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ് സിൽവർ ജൂബിലിയാഘോഷങ്ങളുടെയും ഓൾ കേരള ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഭാഗമായ മിനി മാരത്തോണിൽ ആദർശ് ഒന്നാം സ്ഥാനം നേടി. ശ്രീജിത്ത് രണ്ടാം സ്ഥാനവും, ശിവപ്രസാദ് മൂന്നാം സ്ഥാനവും നേടി. ചിറയിൻകീഴ് ശാർക്കരയിൽ നിന്നാരംഭിച്ച് ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിച്ച 8 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോണിൽ ഭൂരിഭാഗം മത്സരാർത്ഥികളും അരമണിക്കൂറിനുള്ളിൽ ഫിനിഷിംഗ് പോയിന്റിലെത്തിയിരുന്നു. 67കാരനായ സുകേഷ് വിനായക് ഫിനിഷ് ചെയ്ത് ശ്രദ്ധനേടി.ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000,3000,2000 എന്ന നിരക്കിൽ ക്യാഷ് പ്രൈസും ആദ്യം ഫിനിഷ് ചെയ്ത 50 പേർക്ക് മെഡലുകളും നൽകി അനുമോദിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാഗി,ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കച്ചേരിനടയിൽ നടന്ന സമ്മാനവിതരണച്ചടങ്ങിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ രമ്യ,സൺ സ്റ്റാർ ക്രിക്കറ്റ് കബ് ഭാരവാഹികളായ മനാസ് രാജ്,രതീഷ് രവീന്ദ്രൻ,അനൂപ് ചന്ദ്രൻ,അരുൺ ചന്ദ്രൻ ശ്രീദേവ്,കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.