
ബാലരാമപുരം: ബാലരാമപുരം കൊടിനട കച്ചേരിക്കുളത്ത് മാലിന്യനിക്ഷേപം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അസഹനീയമായ ദുർഗന്ധം കാരണം യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാസങ്ങൾക്കു മുമ്പ് ഈ ഭാഗത്ത് മാലിന്യം നിക്ഷേപിച്ച സാമൂഹ്യവിരുദ്ധരെ സി.സി.ടിവിയുടെ സഹായത്താൽ പൊലീസ് പിടികൂടിയിരുന്നു. ഓട്ടോയിൽ മാലിന്യം കൊണ്ടിടുന്ന രംഗങ്ങൾ ഇപ്പോഴും മൊബൈലിലുണ്ടെന്ന് പരിസരവാസികൾ പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി സ്വീകരിച്ചെങ്കിലും ആഴ്ചകൾ പിന്നിട്ടതോടെ രാത്രികാലങ്ങളിൽ ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളും മാലിന്യം കൊണ്ടിടുന്നത് വീണ്ടും തുടരുകയാണ്. ഇറച്ചിവേസ്റ്റ് തെരുവുനായ്ക്കൾ കടിച്ചുകൊണ്ടുപോകുന്നതും ദുർഗന്ധം പരിസരമാകെ വ്യാപിക്കുന്നതും നാട്ടുകാർക്ക് തലവേദനയായിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
പാർക്കിംഗ് ഏരിയ വിജനം
മാലിന്യം മൂടിയ കച്ചേരിക്കുളത്ത് മണ്ണിട്ട് നികത്തി പാർക്കിംഗ് ഏരിയക്കായി മുൻ ഭരണസമിതി അനുവാദം നൽകിയിരുന്നു. നവീകരണപ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ഫണ്ടും അനുവദിച്ച് മാലിന്യം പൂർണമായി നീക്കം ചെയ്ത് പാർക്കിംഗ് ഏരിയ ബോർഡും സ്ഥാപിച്ചിരുന്നു. ദൂരക്കൂടുതൽ കാരണം ഈ ഭാഗത്തേക്ക് പാർക്കിംഗിന് ഒരു വാഹനവും കടന്നുവരാതായതോടെ പഞ്ചായത്ത് പാർക്കിംഗ് ഏരിയ വിജനമായി. പിന്നീട് ബാലരാമപുരത്തെ പൊതുചന്തയുടെ പ്രവർത്തനം ഇങ്ങോട്ടേക്ക് മാറ്റാൻ ശ്രമം നടന്നെങ്കിലും കച്ചവടക്കാരുടെ എതിർപ്പുകാരണം പരാജയപ്പെട്ടു.
പഞ്ചായത്ത് ഹരിതകർമ്മസേന പ്രവർത്തകർ വീടുകളിലെത്തി പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ടെങ്കിലും മൂന്നിരിട്ടി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കച്ചേരിക്കുളത്ത് സാമൂഹ്യവിരുദ്ധർ തള്ളുന്നുണ്ട്. ദേശീയപാത വികസനം സമീപഭാവിയിൽ നടക്കാനിരിക്കെ കച്ചേരിക്കുളം, ബാലരാമപുരത്തെ പ്രധാന പാർക്കിംഗ് ഏരിയയായി മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സാമൂഹ്യവിരുദ്ധരുടെ ശല്യവും
രാത്രികാലങ്ങളിൽ മദ്യപർ താവളമാക്കുന്നതും കച്ചേരിക്കുളത്താണ്. നിരവധി മദ്യക്കുപ്പികളാണ് ഈ ഭാഗത്ത് നിക്ഷേപിച്ചിരിക്കുന്നത്. രാത്രി 9 കഴിഞ്ഞാൽ ഇവിടെ കൂകലും വിളിയുമായി സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. തൊട്ടു സമീപത്തായി എസ്.എൻ ഡെന്റൽ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി അധികൃതർ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾ വേണം
പകർച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വാർഡുതലത്തിൽ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മറ്റ് പദ്ധതികൾ കൊണ്ടുവരാൻ പഞ്ചായത്ത് പദ്ധതിയിട്ടെങ്കിലും നീർത്തടം നികത്തിയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് നിയമക്കുരുക്ക് വന്നതോടെ പദ്ധതികളെല്ലാം പാടെ ഉപേക്ഷിക്കുകയായിരുന്നു.