
തിരുവനന്തപുരം: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മദ്ധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഡോ.ഡി.ഗോഡ്‌വിന് ജാമ്യം. 25,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ രത്‌ലം ജില്ലാ കോടതിയുടേതാണ് നടപടി. പന്ത്രണ്ട് വർഷമായി രത്‌ലമിൽ മഹായിടവക ബോർഡ് ഒഫ് മിഷൻ പ്രവർത്തനം നടത്തുന്ന തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാ.ഗോഡ്‌വിനെ കഴിഞ്ഞ 25നാണ് അറസ്റ്റ് ചെയ്തത്. ഇതേ ആരോപണത്തിൽ ഫാ.ഗോഡ്‌വിന്റെ ഇടവകയിൽപ്പെട്ട വിക്രം സിംഗിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനാണെന്ന് പറഞ്ഞാണ് ഗോഡ്‌വിനെ വിളിപ്പിച്ചതെന്നും ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഇടപടലുകളുണ്ടായിട്ടുണ്ട്. നിയമ സഹായം ആവശ്യപ്പെട്ടതനുസരിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സഹായം ലഭിച്ചില്ലെന്നും സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറിയും ബിഷപ്പ് കമ്മിസറിയുമായ ഫാ.ജയരാജ് പറഞ്ഞു.