corporation

തിരുവനന്തപുരം: തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ സ്ഥലംമാറ്റിയ ജീവനക്കാരനെ സംരക്ഷിച്ച് മേയറുടെ ഓഫീസ്. അതേസമയം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ നെട്ടോട്ടമോടിയ ജീവനക്കാരിക്ക് പകരം നിയമനം നൽകി ജോയിന്റ് ഡയറക്ടർ താത്കാലികമായി പ്രശ്‌നം പരിഹരിച്ചു.

മേയർ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് പ്രസാദിനെ സ്ഥലം മാറ്റിയ കുടപ്പനക്കുന്നിലെ ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലേക്കാണ് ഷീജയെ നിയമിച്ചത്. സ്ഥലംമാറ്റം നടപ്പാകാതെ ജീവനക്കാരിയെ വട്ടംചുറ്റിച്ച സംഭവം കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്‌തിരുന്നു. പിന്നാലെയാണ് അടിയന്തര നടപടിയുണ്ടായത്. ഒരുമാസം ജോലി ചെയ്യാനാകാതെ ശമ്പളം മുടങ്ങിയ ജീവനക്കാരിക്ക് ജോയിന്റ് ഡയറക്ടർ ഓഫീസിൽ നിന്ന് ശമ്പളം അനുവദിക്കാനും ഉത്തരവായി. പിന്നാലെ ഷീജ ജോലിയിൽ പ്രവേശിച്ചു.

പൊതുസ്ഥലംമാറ്റ ഉത്തരവിറങ്ങിയതിന് പിന്നാലെ പ്രസാദിനെ വിടുതൽ ചെയ്യുന്നതിൽ മേയറുടെ ഓഫീസ് അസൗകര്യം അറിയിച്ചെങ്കിലും ഒമ്പത് വർഷത്തോളമായി പ്രസാദ് തിരുവനന്തപുരം കോർപ്പറേഷനിലുണ്ടെന്നും സർക്കാർ തീരുമാനം അനുസരിച്ച് നീണ്ട കാലയളവിൽ ഒരുസ്ഥലത്തുള്ളയാളെ സ്ഥലംമാറ്റിയേ തീരൂവെന്നായിരുന്നു ജോയിന്റ് ഡയറക്ടറുടെ നിലപാട്. ഷീജ കോർപ്പറേഷൻ ഓഫീസിലെത്തിയെങ്കിലും നാളെ നാളെ എന്നുപറഞ്ഞ് നീട്ടുകയായിരുന്നു. മേയറുടെ ഓഫീസും ജോയിന്റ് ഡയറക്ടറും ബലാബലം പരീക്ഷിച്ചതോടെയാണ് ജീവനക്കാരി വലഞ്ഞത്.

തദ്ദേശവകുപ്പ് ഏകീകരണത്തിന്റെ ഭാഗമായ രണ്ടാമത്തെ പൊതുസ്ഥലം മാറ്റ ഉത്തരവ് സെപ്‌തംബർ 15നാണ് ഇറങ്ങിയത്. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ അറ്റൻഡന്ററായിരുന്ന ഷീജയെയാണ് മേയർ ഓഫീസിൽ നിയമിച്ചത്. ഉത്തരവുമായി ഷീജ കഴിഞ്ഞമാസം 3നെത്തി. ഉത്തരവ് കോർപ്പറേഷൻ സെക്രട്ടറി കൈപ്പറ്റിയെങ്കിലും ജോയിൻ ചെയ്യാൻ അനുവദിച്ചില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വസ്‌തനെ മടക്കി അയയ്ക്കാൻ മേയർ ഓഫീസിന് താത്പര്യമില്ലാത്തതായിരുന്നു കാരണം.

ഉദ്യോഗസ്ഥരുടെ ഏകോപനമില്ല!

തിരഞ്ഞെടുപ്പ് ഒരുക്കത്തിനിടെ മേയറുടെ സൗകാര്യാർത്ഥം ജീവനക്കാരനെ മാറ്റാൻ കഴി‌ഞ്ഞില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയും തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കൂടിയാലോചിച്ചാണ് തീരുമാനമെടുക്കേണ്ടത്. കോർപ്പറേഷനിൽ അതുണ്ടായില്ല. ഇരുകൂട്ടരും പാവപ്പെട്ട ജീവനക്കാരിയെ തട്ടിക്കളിക്കുകയായിരുന്നു.