road

വിതുര: തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട്-തുരുത്തി റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ഗതാഗതയോഗ്യമാക്കാൻ 13.5 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന തുരുത്തി പുളിമൂട് റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനിൽനിന്നും തുരുത്തിയിലേക്കുള്ള റോഡ് മൂന്ന് വർഷമായി ശോചനീയാവസ്ഥയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.പിക്കും, എം.എൽ.എക്കും ത്രിതലപഞ്ചായത്തിലും അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. സമരങ്ങളും അരങ്ങേറി. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച്

റോഡിന് വീതി കൂട്ടണം

മഴക്കാലമായാൽ റോഡ് ചെളിയിൽ മുങ്ങും. റോഡ് നിറയെ മഴക്കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ അപകടങ്ങളും പതിവാണ്. ബൈക്കപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കുമ്പോൾ പുറംപോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ

റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടികളുണ്ടായില്ല. പുളിമൂട് തുരുത്തി റോഡിൽ അപകടങ്ങൾ തുർക്കഥയായതോടെ കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആനപ്പെട്ടി വാർഡ് മെമ്പർ ഫസീലാഅഷ്ക്കറും, തൊളിക്കോട് പഞ്ചായത്തും പ്രശ്നത്തിൽ ബന്ധപ്പെട്ടു. റോഡ് സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.തുക അനുവദിച്ച വാർഡ്മെമ്പർ ഫസീലക്കും, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷിനും തുരുത്തി,പുളിമൂട് നിവാസികൾ നന്ദി അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.