ആറ്റിങ്ങൽ: തീയതി പ്രഖ്യാപിക്കും മുമ്പ് ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് ചൂടേറി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് മൂന്ന് മുന്നണികളിലും ചർച്ചകൾ സജീവമാണ്. നിലവിലെ ഭരണസമിതിയിൽ എൽ.ഡി.എഫിന് 20,യു.ഡി.എഫ് 6,ബി.ജെ.പി 5 എന്നാണ് കക്ഷിനില. 2020ലെ തിരഞ്ഞെടുപ്പിൽ സി.പി.എം15,സി.പി.ഐ 3,ബി.ജെ.പി 7,കോൺഗ്രസ് 6 എന്നിങ്ങനെയായിരുന്നു സീറ്റ്.

ബി.ജെ.പിയിലെ രണ്ട് വനിതാ പ്രതിനിധികൾ രാജിവച്ചിരുന്നു. ചെറുവള്ളിമുക്ക് വാർഡിൽ നിന്നു വിജയിച്ച വി.പി.സംഗീതാറാണി, തോട്ടവാരം വാർഡിൽ നിന്നു വിജയിച്ച എ.എസ്.ഷീല എന്നിവരാണ് രാജിവച്ചത്. സംഗീതാറാണി സി.പി.എമ്മിൽ ചേർന്നു. ഉപതിരത്തെടുപ്പിൽ രണ്ടിടങ്ങളിലും സി.പി.എം പ്രതിനിധികളായ മഞ്ജു,ലേഖ എന്നിവർ വിജയിച്ചതോടെയാണ് അംഗസംഖ്യ 17 ആയത്. നഗരസഭയിൽ ഇത്തവണ ഒരുവാർഡ് കൂടിയിട്ടുണ്ട്.

ഭരണം തുടരാൻ എൽ.ഡി.എഫ്

ഭരണത്തുടർച്ചയ്ക്കുള്ള തയ്യാറെടുപ്പുകളാണ് എൽ.ഡി.എഫ് ആവിഷ്കരിക്കുന്നത്. ചെയർപേഴ്സൺ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി കോർപ്പറേഷൻ ചെയർമാൻ ആർ.രാമു,ഏരിയാ സെക്രട്ടറി എം.പ്രദീപ്,മുൻ ചെയർമാൻ സി.ജെ.രാജേഷ് എന്നിവരും മത്സരിക്കാൻ സാദ്ധ്യതയുണ്ട്. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും മാത്രമായിരിക്കും മത്സരിക്കുക. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും അന്തിമരൂപമായിട്ടില്ലെന്നാണ് സൂചന.

പുതുമുഖങ്ങളെ പരീക്ഷിക്കാൻ യു.ഡി.എഫ്

പുതുമുഖങ്ങളെ പരീക്ഷിച്ച് ഒരുപടി മുന്നിലെത്താനാണ് യു.ഡി.എഫ് നീക്കം. ബൂത്തുതലത്തിൽ ചർച്ചചെയ്‌ത് വിജയസാദ്ധ്യതയുള്ളവരെ കണ്ടെത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഡി.സി.സി അംഗീകാരം ലഭിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. മുതിർന്ന നേതാക്കൾ മത്സരരംഗത്തുനിന്നു മാറുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുമെന്നതാണ് ഇപ്പോഴുള്ള ധാരണ. യു.ഡി.എഫിൽ കോൺഗ്രസിനു പുറമേ മുസ്ലിംലീഗും ആർ.എസ്‌.പിയും മത്സരിക്കും. ഇവർക്കുള്ള രണ്ട് വാർഡുകൾ ഏതൊക്കെ എന്നതിൽ തീരുമാനമായിട്ടുണ്ട്.

ബി.ജെ.പി ഒറ്റയ്‌ക്ക്

ഘടകകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിക്കുക. മുതിർന്ന നേതാക്കളെ രംഗത്തിറക്കുമെന്നും വിവരമുണ്ട്. നിലവിലെ കൗൺസിലർമാരും മുൻ കൗൺസിലുകളിൽ അംഗങ്ങളായിരുന്നവരും മത്സരിക്കും. നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. എതിർ പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം അവസാനവട്ട മാറ്റങ്ങൾക്കുള്ള കരുതലുകളും മുന്നണികൾ നടത്തുന്നുണ്ട്.