വർക്കല: വർക്കലയുടെ ഹൃദയഭാഗമായ മൈതാനം ടൗൺ പ്രദേശവും പാപനാശം വിനോദസഞ്ചാര മേഖലയും പരിമിതമായ പാർക്കിംഗ് സൗകര്യത്തിൽ വീർപ്പുമുട്ടുന്നു. വിവിധ ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന വർക്കല ക്ഷേത്രം റോഡിൽ ബിവറേജിന്റെ ഔട്ട്ലെറ്റ് ഉള്ളതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മൈതാനം -റെയിൽവേ സ്റ്റേഷൻ റോഡിലും മൈതാനം-അണ്ടർപാസേജ് റോഡിലും പാർക്കിംഗ് പ്രതിസന്ധി ജനങ്ങൾ നേരിടുന്നുണ്ട്. ആവശ്യമായ പഠനം നടത്തി ടൗൺ പ്രദേശത്ത് മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുണ്ട്. വിനോദസഞ്ചാര മേഖലയിൽ ചെറുവാഹനങ്ങളും വലിയ ടൂറിസ്റ്റ് ബസുകൾ വരെയുള്ള വാഹനങ്ങൾ അനിയന്ത്രിതമായി ഇവിടെ പാർക്ക് ചെയ്യാറുണ്ടെന്നും പരാതിയുണ്ട്. ജനാർദ്ദനസ്വാമി ക്ഷേത്രം,പാപനാശം,ബ്ലാക്ക് ബീച്ച് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല.
പരിശോധനയും പരിമിതം
റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനത്തിന് പൊലീസ് പിഴയിടുമ്പോൾ അതേ സ്ഥലത്ത് ട്രിപ്പിൾ സവാരിയും അമിത വേഗതയിൽ പായുന്ന ഇരുചക്രവാഹനങ്ങൾക്ക് നടപടിയില്ലെന്നും ആക്ഷേപമുണ്ട്. വർക്കല പൊലീസ് സ്റ്റേഷന്റെയും ഡിവൈ.എസ്.പി ഓഫീസിന്റെയും പരിസരത്തും മൈതാനം മുനിസിപ്പൽ പാർക്കിലും പരസ്യ മദ്യപാനം പതിവ് കാഴ്ചയാണ്.
ട്രാഫിക് പൊലീസ് സംവിധാനം
ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഗതാഗത തടസം സൃഷ്ടിക്കുന്ന വേളകളിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാത്തതും വലിയ പോരായ്മയാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംവിധാനം നിലവിൽ ഇല്ലെന്നുള്ളതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. റോഡുനീളെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പരിശോധിച്ച് നിയമ ലംഘകരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. മൈതാനം ടൗൺ, റെയിൽവേ സ്റ്റേഷൻ, പുത്തൻചന്ത എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.