പാലോട്: പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വാമനപുരം മണ്ഡലത്തിലെ 2 റോഡ് പ്രവൃത്തികൾക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.പാങ്ങോട് പഞ്ചായത്തിലെ പൂലോട് വട്ടക്കരിക്കകം - എക്സ് കോളനി റോഡ് നവീകരണത്തിന് 9 കോടി രൂപയും പനവൂർ പഞ്ചായത്തിലെ തോട്ടുമുക്ക് പാലം പുനർനിർമ്മാണത്തിന് 2 കോടി രൂപയുമാണ് അനുവദിച്ചത്.
തെങ്കാശി സ്റ്റേറ്റ് ഹൈവേയിൽ എക്സ് കോളനിയിൽ നിന്നാരംഭിച്ച് വട്ടക്കരിക്കകം - ശിവക്ഷേത്രം വഴി പാങ്ങോട് - ചിതറ റോഡിൽ പൂലോട് അവസാനിക്കുന്ന റോഡാണ് ആധുനിക രീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്.കൾവർട്ട്,റീട്ടെയിനിംഗ് വാൾ,ഡ്രെയിനേജ്,റോഡ് മാർക്കിംഗ്,റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പനവൂർ പഞ്ചായത്തിലെ പനവൂർ - കൊങ്ങണംകോട് - തേക്കുംമൂട് - പനയമുട്ടം പൊതുമരാമത്ത് റോഡിലെ തോട്ടുമുക്ക് പാലം കഴിഞ്ഞ മഴക്കെടുതിയിൽ അപകടാവസ്ഥയിലാവുകയും ഇതുവഴിയുള്ള വാഹന ഗതാഗതം നിറുത്തിവച്ചിരിക്കുകയുമായിരുന്നു.ഈ പാലമാണ് ഇതിനോടൊപ്പം നിർമ്മിക്കുന്നത്.ശബരിമല പാക്കേജിൽ അനുവദിച്ച പ്രവൃത്തികൾ ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല മണ്ഡലത്തിലെ കാർഷിക - വാണിജ്യ - ടൂറിസം മേഖലയ്ക്ക് വലിയ മുതൽകൂട്ടായിരിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.