തിരുവനന്തപുരം: നഗരസഭയിലെ ഭരണത്തുടർച്ചയ്‌ക്കായി സി.പി.എം ഏരിയാ സെക്രട്ടറിമാരെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വിമർശനം. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനമുയർന്നത്.
ഏരിയാ സെക്രട്ടറിമാർ കൂട്ടത്തോടെ മത്സരത്തിനിറങ്ങുന്നത് ആ പ്രദേശത്തെ പ്രചാരണത്തെയും പാർട്ടി പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് അഭിപ്രായം. ഏരിയാ സെക്രട്ടറിമാർ മത്സരിക്കുന്നതിൽ പരാതികളുണ്ടെങ്കിൽ നേരിട്ട് സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനും നിർദ്ദേശമുണ്ടായി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയും മുൻ മേയറുമായ കെ.ശ്രീകുമാറിനെ ചാക്കയിലും പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ.പി ബാബുവിനെ വഞ്ചിയൂരിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്.
സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ.പി.ശിവജിയെ വിളപ്പിൽ വാർഡിൽ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. വിമർശനമുണ്ടായ സ്ഥിതിക്ക് ഇക്കാര്യവും പാർട്ടി ചർച്ച ചെയ്യും. ആദ്യം ഏരിയാ സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു നേതൃത്വത്തിന്. എന്നാൽ വാർഡ് നഷ്ടപ്പെടാതിരിക്കാനാണ് മത്സരിക്കാമെന്ന് തീരുമാനിച്ചത്. പേട്ട വാർഡിൽ മത്സരിക്കുന്ന എസ്.പി.ദീപക്കിനെ മേയർ സ്ഥാനാർത്ഥിയാക്കിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
വനിത സ്ഥാനാർത്ഥി
നിർണയം വെല്ലുവിളി
കരിക്കകം,കടകംപള്ളി വാർഡിൽ വനിത സ്ഥാനാർത്ഥി നിർണയം എൽ.ഡി.എഫിന് വെല്ലുവിളിയാണ്. ബി.ജെ.പിയുടെ കുത്തക വാർഡായ കരിക്കകത്ത് യുവ നിരയിലുള്ള സി.പി.എം വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗത്തെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായില്ല. തീരദേശ വാർഡുകൾ കൂടുതൽ വനിത സംവരണമായതിനാൽ പല നേതാക്കൾക്കും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
ഉള്ളൂരിൽ തർക്കം
സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണം തുടങ്ങിയ ഉള്ളൂർ വാർഡിൽ തർക്കമുണ്ടെന്നാണ് വിവരം. ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥി പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടിയിലെ തന്നെ മറ്റൊരു വിഭാഗം ഇടപെട്ട് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കിയെന്നാണ് ആക്ഷേപം.