തിരുവനന്തപുരം: ജില്ലാ ശാസ്ത്ര മേളയിൽ ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവർഗ സംസ്‌കരണത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ്.ഐ സ്‌കൂൾ വിദ്യാർത്ഥിനി യു. ദേവിനയ്ക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം.

മത്സരഫലത്തിനെതിരെ ഒരു മത്സരാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവിനയുടെ ഒന്നാം സ്ഥാനം ബാലാവകാശ കമ്മീഷൻ റദ്ദാക്കിയിരുന്നു. ദേവിനയ്ക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ച ബാലാവകാശ കമ്മീഷന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന തലത്തിൽ വിജയിയായിരുന്നു ദേവിന.

വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര ഫലം റദ്ദാക്കിയ കമ്മീഷൻ വ്യാഴാഴ്ച ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെക്കൊണ്ട് വീണ്ടും നടത്താൻ ഉത്തരവിട്ടിരുന്നു.

എന്നാൽ ആറ്റിങ്ങൾ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നടക്കുന്നതിനാൽ കലോത്സവത്തിൽ പങ്കെടുക്കുന്നതിനാൽ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് ദേവിന ഡി.ഡിക്ക് മറുപടി നൽകിയെങ്കിലും രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തുകയായിരുന്നു.

തുടർന്ന് അഭിഭാഷകർ അഖിൽ സുശീന്ദ്രൻ, ദിലീപ് വി.എൽ എന്നിവർ മുഖേന
ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ദേവിന അനുകൂല വിധി നേടിയത്.