തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ,മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനുപിന്നാലെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇതിനിടയിലാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. മുൻ മന്ത്രി വി.എസ്.ശിവകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ചികിത്സാരം​ഗത്ത് ആവർത്തിച്ചുള്ള പിഴവുകൾ സംഭവിച്ചിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ആരോ​ഗ്യമന്ത്രി വീണാജോർജ് സംസ്ഥാനത്തിന് അപമാനമാണ്. തുടരെയുള്ള പിഴവുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വീണാജോർജ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.

പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു.സംസ്ഥാന ഭാരവാഹികളായ കെ.എഫ്.ഫെബിൻ,നീതു വിജയൻ,അജയ് കുരിയാത്തി,രഞ്ജിത്ത് രവീന്ദ്രൻ,അനീഷ് ചെമ്പഴന്തി,ജില്ല ഭാരവാഹികളായ അഖില,ദിനമോൾ,രഞ്ജിനി നായർ,രേഷ്മ,കൃഷ്ണകാന്ത്,അക്രം അർഷാദ്,അഭിജിത്ത് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിഷേധത്തിനെത്തിയവരിൽ സ്ഥാനാർത്ഥികളും

മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ വനിതാ സ്ഥാനാർത്ഥികളും. അമ്പലമുക്ക് സ്ഥാനാർത്ഥി അഖില,ശ്രീവരാഹത്ത് മത്സരിക്കുന്ന രഞ്ജിനി നായർ,പട്ടം സ്ഥാനാർത്ഥി രേഷ്മ,വഴുതക്കാട് നിന്ന് മത്സരിക്കുന്ന നീതു വിജയൻ തുടങ്ങിയവരാണ് പ്രതിഷേധകരുടെ കൂട്ടത്തിലുണ്ടായിരുന്നത്. സ്ഥാനാർത്ഥിത്വത്തിനൊപ്പം മാനുഷിക പരിഗണനയ്ക്കും മൂല്യം നൽകുന്നുണ്ടെന്നാണ് സ്ഥാനാർത്ഥികളുടെ മറുപടി. അതിനാൽ ഇനിയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്ന് അവ‌ർ പറഞ്ഞു.