kad

 രോഗഭീതിയിൽ പ്രദേശവാസികൾ

വക്കം: കടയ്ക്കാവൂരിൽ വഴിയരികിൽ മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നടപടിയെടുക്കാതെ അധികാരികൾ. അമീബിക് മസ്തിഷ്കജ്വരം പോലുള്ള പകർച്ചവ്യാധികൾ ആറ്റിങ്ങൽ,വർക്കല മേഖലകളിൽ വ്യാപിക്കുമ്പോഴും മാലിന്യ നിർമ്മാർജ്ജനത്തിനായി മുൻകരുതലെടുക്കാതെ കടയ്ക്കാവൂർ പഞ്ചായത്ത് മുഖംതിരിക്കുകയാണ്. ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതെയും വേസ്റ്റ് ബിന്നുകൾ പരിപാലിക്കാതെയും അധികാരികൾ പിൻതിരിയുകയാണ്. പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ആയുർവേദ ആശുപത്രിക്കടുത്തുള്ള ചതുപ്പ് പ്രദേശങ്ങളിൽ രാത്രികാലമായാൽ കവറിലും മറ്റും മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്. മഴപെയ്താൽ പ്രദേശത്ത് വെള്ളംകയറി മാലിന്യങ്ങൾ വെള്ളക്കെട്ടിൽ ചിന്നിച്ചിതറി കിടക്കും. വെള്ളക്കെട്ടിൽ മാലിന്യം തള്ളുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഭക്ഷണം,കുട്ടികളുടെ ഡയപ്പർ,പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നാട്ടുകാരെ ഏറേ ബുദ്ധിമുട്ടിലാക്കുന്നു. ഹരിതകർമ്മസേന പ്രവർത്തകരെയാണ് മാലിന്യം നീക്കാനായി നിയോഗിച്ചിരിക്കുന്നത്. ആഴ്ചയിലൊരിക്കലൽ മാത്രമാണ് ഇവർ മാലിന്യം ശേഖരിക്കാനെത്തുന്നത്. എന്നാൽ ഇവരെത്തുന്നതിലെ കാലതാമസമാണ് വേസ്റ്ര്‌ബിന്നുകൾ നിറയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

വേസ്റ്റ് ബിന്നുകൾ പരിപാലിക്കാതെ

ശുചിത്വ മിഷന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും വഴിവക്കിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ പലതും സംരക്ഷണമില്ലാതെ നശിച്ചുപോകുകയാണ്. ബാക്കിയുള്ളവയാകട്ടെ വേസ്റ്റ് നിറഞ്ഞുകവിഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുവഴിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടഞ്ഞ് പരിസര ശുചിത്വത്തിനായാണ് പഞ്ചായത്ത് 16വാർഡിലെയും പ്രധാന സ്ഥലങ്ങളിൽ രണ്ടു വീതം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചത്. ബസ്‌സ്റ്റോപ്പുകൾ,ടൗണുകൾ ആളുകൾ കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ബിന്നുകൾ സ്ഥാപിച്ചത്.

തെരുവുനായ്ക്കളുടെ ശല്യവും

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വഴിയരികിലെ മാലിന്യങ്ങൾ ഇവ കടിച്ചുകീറുന്നതും അക്രമകാരികളാകുന്നതും സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളുൾപ്പെടെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രതികരണം : മഴക്കാല പൂർവ ശുചീകരണവും മാലിന്യം നീക്കംചെയ്യാനുള്ള നടപടികളും ഇതുവരെ നടന്നിട്ടില്ല. പകർച്ചവ്യാധികൾ പടരാൻ സാദ്ധ്യതയുണ്ട്. ആരോഗ്യ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം.

ആർ.സജികുമാർ

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ,യൂണിറ്റ് പ്രസിഡന്റ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കാവൂർ

ക്യാപ്ഷൻ: കടയ്ക്കാവൂർ തെക്കുംഭാഗത്ത് മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ