asd

ഭക്തർ പണം നൽകുന്നത് ദൈവത്തിനാണെന്നും അദ്ദേഹത്തോടെങ്കിലും കടപ്പാട് വേണമെന്നും കേരള ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മപ്പെടുത്തിയിട്ട് അധികനാളായില്ല. സ്വർണപ്പാളിയിലടക്കം നടത്തിയ തട്ടിപ്പ് രാജ്യാന്തര കുറ്റവാളി സംഘത്തിന്റെ മാതൃകയിലാണെന്ന നിരീക്ഷണം കൂടിയായതോടെ പുണ്യഭൂമി വിവാദഭൂമിയായി. ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കാനുള്ള സർക്കാർ നീക്കം. വർഷങ്ങളുടെ അനുഭവസമ്പത്ത്. സർവീസിൽ ക്ലീൻ റെക്കാഡ്. ഏവർക്കും സ്വീകാര്യൻ. നിയമന ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. 'വലിയൊരു ഉത്തരവാദിത്വമാണ് എന്നിൽ നിക്ഷിപ്തമായിരിക്കുന്നത്.. 'കെ.ജയകുമാർ കേരളകൗമുദിയോട് സംസാരിക്കുന്നു.

? നിയമനത്തെപ്പറ്റി മുൻകൂട്ടി സൂചനയുണ്ടായിരുന്നോ

ഇല്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശൂരിൽ വച്ചാണ് അറിയുന്നത്.

? 'സൗപർണികാമൃത വീചികൾ പാടും...'എന്ന ഗാനം എഴുതിയതിന് ശേഷമാണ് മൂകാംബികയിൽ പോകാനായതെന്ന് മുൻപ് എഴുതിയിട്ടുണ്ട്. അതുപോലൊരു നിയോഗമാണോ ഇതും

തീർച്ചയായും അയ്യപ്പന്റെ നിയോഗമായി കാണുന്നു. പക്ഷെ, അയ്യപ്പന്റെ സന്നിധിയിൽ പലവട്ടം പോയിട്ടുണ്ട്. ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് തലേദിവസവും പോയിക്കണ്ടു. തികഞ്ഞ വിശ്വാസിയാണ്. അതുകൊണ്ടാണല്ലോ കഷ്ടപ്പാടുകളെല്ലാം സഹിച്ച് ആളുകൾ വീണ്ടുമെത്തുന്നത്.

? വിവാദങ്ങളുടെ പശ്ചാത്തലത്തിലാണല്ലോ നിയമനം. ഇതൊരു വെല്ലുവിളിയാണോ അവസരമാണോ

ഏതു വെല്ലുവിളിയും അവസരമാണല്ലോ. അത് കണ്ടെത്തിയാൽ പ്രതിസന്ധി പരിഹരിക്കാം. ഇപ്പോൾ ശബരിമലയിലുണ്ടായത് ഗുരുതരമായൊരു പ്രശ്നമാണ്. ദേവസ്വം ബോർഡിന്റെ പരിണാമത്തിന് ഞാൻ നിമിത്തമാകുമെങ്കിൽ സന്തോഷമാണ്.

? ദേവസ്വം കമ്മിഷണറായും ശബരിമല സ്പെഷ്യൽ ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്. സംവിധാനത്തിലെ ന്യൂനതകൾ അന്ന് ശ്രദ്ധിച്ചിരുന്നോ

സുതാര്യതയില്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു. താത്കാലികമായി കാര്യങ്ങൾ ചെയ്യാതെ സ്ഥിരമായൊരു പോംവഴി കണ്ടെത്തണം. പ്രൊഫഷണലിസത്തിന്റെ അഭാവമാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം. ദേവസ്വത്തിന്റെ ആന്തരികഘടന പുനർകല്പന ചെയ്യണം. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുള്ള ബാങ്ക് എങ്ങനെയാണ് പെർഫെക്ടായി മുന്നോട്ടുപോകുന്നത്. ഉണ്ടാകാൻ സാദ്ധ്യതയുള്ള എല്ലാ അപകടങ്ങളും മുന്നിൽക്കണ്ടാണത് പ്രവർത്തിക്കുന്നത്. ശബരിമലയിൽ ഇപ്പോഴുണ്ടായത് ഏറ്റവുമൊടുവിലത്തെ വിവാദമാകണം. അതിന് എല്ലാ പഴുതുകളും അടയ്ക്കണം.

? അന്ന് ലഭിച്ച അനുഭവങ്ങൾ ഗുണം ചെയ്യുമോ

അന്നത്തെ പ്രശ്നങ്ങൾ പരിഹരിച്ചോയെന്ന് കണ്ടെത്തണം. പുതിയ പ്രശ്നങ്ങളും പരിശോധിക്കണം. ഏറ്റവുമൊടുവിൽ പോയത് ഭക്തനായിട്ടാണ്. ഭരണകർത്താവായി പോകുമ്പോഴെ പ്രശ്നങ്ങൾ അറിയാനാവു.

? ക്ലീൻ റെക്കാഡുള്ള ഉദ്യോഗസ്ഥനെ ഈ പദവിയിൽ കൊണ്ടുവരുന്നത് ജനങ്ങളുടെ വിശ്വാസം കൂടി വീണ്ടെടുക്കാനല്ലേ

ഞാൻ ക്ലീനായി തന്നെ ഈ ചുമതല നിർവഹിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടാവും. ആ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. ഒരുതരത്തിലുള്ള കൊള്ളരുതായ്മകളും നടക്കാത്ത സ്ഥലമാണ് ശബരിമലയെന്ന് ആളുകൾ പറയണം. വലിയൊരു സ്വർണക്കടയിൽ ഒരു ഗ്രാമിന് പോലും കണക്കുണ്ട്. ജോലിയുടെ സ്വഭാവം മനസിലാക്കിയുള്ള പരിശോധനകളും പുനഃപരിശോധനകളും അവിടെയുണ്ട്. ആ ധൈര്യത്തിലാണ് ഉടമ കട തുറന്നിടുന്നത്. അത്ര സങ്കീർണമായ സാഹചര്യത്തിൽ അവർക്കത് ചെയ്യാനാവുമെങ്കിൽ എന്തുകൊണ്ട് നമുക്ക് സാധിക്കില്ല?

? സുതാര്യത കൊണ്ടുവരാൻ സ്വീകരിക്കുന്ന മാർഗങ്ങളോ

അതവിടെ പോയതിന് ശേഷമേ പറയാനാവു. എന്തുകൊണ്ടാണ് ഈ 'അവതാരങ്ങൾ' വന്നുകയറുന്നത്? അവർക്കെങ്ങനെ ഇത്രയും സ്ഥാനംകൊടുത്തു?അതെല്ലാം സംവിധാനത്തിന്റെ ബലഹീനതകളാണ്. പുതിയ സംവിധാനം കൊണ്ടുവരാനല്ല. നിലവിലേത് മെച്ചപ്പെടുത്താനാവും ശ്രമം. അതിനായി സാങ്കേതികവിദ്യയടക്കം ഉപയോഗിക്കും. ദേവസ്വത്തിന്റെ സ്വത്ത് അപഹരിക്കാനുള്ള ഇടപെടലുകളെ ചെറുക്കും.

? പാർട്ടി ഇടപെടലുകൾ ഉണ്ടാവുമെന്ന് കരുതുന്നില്ലേ

എന്തിനാണ് പാർട്ടി ആവശ്യമില്ലാതെ ഇടപെടുന്നത്? നിയമപ്രകാരം ഒരു കാര്യം ചെയ്യുകയാണെങ്കിൽ അവിഹിതമായ ബാഹ്യ ഇടപെടലുകൾ കുറയും. മനുഷ്യസഹജമായ വിട്ടുവീഴ്ചകളിൽ തെറ്റില്ല.

? ബോർ‌ഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലും ഇതേ അവസ്ഥയാണല്ലോ

പലയിടത്തും പ്രശ്നമുണ്ട്. പ്രഥമ പരിഗണന ഇപ്പോൾ ശബരിമലയിലായിരിക്കും. ഭക്തകേന്ദ്രീകൃതമായ സമീപനം കൈക്കൊള്ളും.

? മണ്ഡലകാല ഒരുക്കങ്ങൾ

മുൻ ബോർഡ് ഭാരവാഹികൾ ഒരുപാട് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 17ന് മണ്ഡലകാലം ആരംഭിക്കും. ഭക്തരെല്ലാം സംതൃപ്തരായി തൊഴുതുമടങ്ങണം.

? ചുമതലയേൽക്കേണ്ടത് എന്നാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടോ

ഇല്ല. തിങ്കളാഴ്ച ഓർഡർ ഇറങ്ങിയേക്കും. ഇപ്പോൾ ഐ.എം.ജി ഡയറക്ടർ കൂടിയാണ്. ആ സ്ഥാനത്തിൽ തുടരുമോയെന്നും അറിയിപ്പ് ലഭിച്ചിട്ടില്ല.