fov

തിരുവനന്തപുരം: കുട്ടികളുടെ താത്പര്യം കണക്കിലെടുത്ത് സഹകരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി കൈകൂപ്പി അഭ്യർത്ഥിച്ചിട്ടും, രാഷ്ട്രീയക്കളി നിറുത്താതെ സർക്കാരും ഗവർണറും. സാങ്കേതിക, ഡിജിറ്റൽ വൈസ്ചാൻസലർ നിയമനക്കേസ് പരിഗണിക്കവേയാണ് കഴിഞ്ഞ ആഗസ്റ്രിൽ സുപ്രീംകോടതിയുടെ അസാധാരണ പരാമർശം . എന്നിട്ടും കാലിക്കറ്റ് വി.സിനിയമനത്തെച്ചൊല്ലി ഏറ്റുമുട്ടുന്നു.

ആരോഗ്യ ഒഴികെ കേരളത്തിവെ ഒരു യൂണിവേഴ്സിറ്റിയിലും സ്ഥിരം വി.സിയില്ല. ഗവർണർ തോന്നുംപടി നിയമനം നടത്തുമെന്ന് ഭയന്ന് സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലകളുടെ പ്രതിനിധിയെ സർക്കാർ അനുവദിപ്പിക്കാത്തതാണ് തടസം. സുപ്രീംകോടതിയുടെ നിർദ്ദേശം വന്നതിനു പിന്നാലെ കാലിക്കറ്റ് സർവകലാശാല സെനറ്റ് സെർച്ച്കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചു. ഒറ്റ രാത്രി കൊണ്ട് യു.ജി.സി പ്രതിനിധിയെക്കൂടി അനുവദിപ്പിച്ച് ഗവർണർ സെർച്ച്കമ്മിറ്റി വിജ്ഞാപനമിറക്കി. ഇത് സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേ നേടാൻ ഹൈക്കോടതിയെ സമീപിക്കുകയാണ് സർക്കാർ.

മുൻകാലങ്ങളിൽ സെർച്ച്കമ്മിറ്റിയുടെ കൺവീനർ ചീഫ്സെക്രട്ടറിയായിരുന്നതിനാൽ സർക്കാരാണ് വിജ്ഞാപനമിറക്കിയിരുന്നത്. ഇപ്പോൾ അക്കാഡമിക് വിദഗ്ദ്ധരല്ലാത്തവർ പാടില്ലാത്തതിനാൽ ചീഫ്സെക്രട്ടറിയൊഴിവായി. നിയമനാധികാരിയായ ചാൻസലർക്കാണ് വിജ്ഞാപനമിറക്കാൻ അധികാരമെന്നാണ് ഗവർണറുടെ വാദം.. സെർച്ച്കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ പിൻവലിപ്പിക്കാനുള്ള ശ്രമവും ഗവർണർ തടഞ്ഞിട്ടുണ്ട്.

ബംഗളൂരു ഐ.ഐ.ടിയിലെ ഡോ.ഇലുവാതിങ്കൽ ഡി.ജമ്മീസ് (ചാൻസലറുടെ പ്രതിനിധി), സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ മെമ്പർസെക്രട്ടറി പ്രൊഫ.എ.സാബു (സെനറ്റ്-പ്രതിനിധി), മുംബയ് യൂണിവേഴ്സിറ്റി വി.സി പ്രൊഫ.രവീന്ദ്ര ഡി.കുൽക്കർണി (യു.ജി.സി-പ്രതിനിധി) എന്നിവരാണ് കാലിക്കറ്റിലെ സെർച്ച്കമ്മിറ്റിയംഗങ്ങൾ. സെർച്ച്കമ്മിറ്റിക്ക് സ്റ്റേ നേടാൻ ശ്രമിക്കുന്ന സർക്കാരിന് ഇരട്ടമുഖമാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ കൈകൂപ്പിയുള്ള പരാമർശം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സർക്കാരിനെ എതിർക്കാനാണ് ഗവർണറുടെ നിർദ്ദേശം.സെർച്ച്കമ്മിറ്റി വിജ്ഞാപനം തർക്കത്തിലായിരിക്കെ, കാലിക്കറ്റ് വി.സി നിയമനത്തിന് ഇ-മെയിലിൽ അപേക്ഷകൾ ലഭിച്ചു തുടങ്ങിയതായി രാജ്ഭവൻ അറിയിച്ചു. പ്രൊഫസറായി 10വർഷത്തെ പരിചയമുള്ളവർക്ക് ഡിസംബർ അഞ്ചിനകം അപേക്ഷിക്കാം.

''സർവകലാശാലകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാക്കരുത്. വി.സി നിയമന

പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണം.

-സുപ്രീം കോടതി

''സർക്കാരിനെ നോക്കുകുത്തിയാക്കി ഗവർണർ അമിതാധികാരം പ്രയോഗിക്കരുത്. വിജ്ഞാപനമിറക്കിയത് ചട്ടവിരുദ്ധമാണ്.''

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസമന്ത്രി