തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം,തലമുറകളുടെ സംഗമവേദിയായി മാറി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുതിർന്ന പൂർവ വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.ആർക്കിടെക്ട് എൻ.മഹേഷിനെ മുൻ എം.പി ഡോ.എ.സമ്പത്ത് ആദരിച്ചു.നിർമ്മാണ മേഖലയിലെ 50 വർഷങ്ങൾ നീണ്ട അതുല്യ സേവനത്തിന്റെ അംഗീകാരമായാണ് ആദരം.

1954ൽ എസ്.എസ്.എൽ.സി പാസായ ഗുരുനാഥ്,ശിവ സ്വാമി,മനോഹരൻ നായർ എന്നിവർക്ക് പ്രത്യേക ആദരവ് നൽകി.ആയിരത്തോളം പുസ്തകങ്ങൾ നിറച്ച 'പുസ്തക വണ്ടി' സ്കൂൾ ലൈബ്രറിയിലേക്ക് എത്തിച്ചേർന്നു. സംഗമത്തിനെത്തിയ പൂർവ വിദ്യാർത്ഥികൾ,തങ്ങൾ പഠിച്ചിറങ്ങിയ ക്ലാസ് മുറികളും, സ്കൂൾ മുറ്റത്തെ തലയുയർത്തി നിൽക്കുന്ന മഹാഗണിമരവും അടക്കമുള്ള പ്രിയപ്പെട്ട ഇടങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഏറെ സന്തോഷത്തോടെ പരിചയപ്പെടുത്തി.

80 വയസ് കഴിഞ്ഞവർ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചും ഗ്രൂപ്പ് ഫോട്ടോ എടുത്തും അവിസ്മരണീയമായ അനുഭവത്തിൽ പങ്കുചേർന്നു. വിദ്യാർത്ഥികളുടെ നാടൻ പാട്ട് അവതരണം സംഗമത്തിന്റെ പ്രധാന ആകർഷണമായി മാറി.

ഡോ.എ.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പ്രമോദ്,സിനിമാതാരം നന്ദു,സൂര്യ കൃഷ്ണമൂർത്തി, കിരീടം ഉണ്ണി,സി.ബാലചന്ദ്രൻ,ഡോ.പ്രകാശ് പ്രഭാകർ,ബിന്ദു.ഐ എന്നിവർ പങ്കെടുത്തു.

സ്കൂൾകാല ഓർമ്മകളും മോഡൽ സ്കൂളിനോടുള്ള ആത്മബന്ധവും എൻ.മഹേഷ് പങ്കുവച്ചു.അദ്ധ്യാപകന്മാരായ മീശകുട്ടൻ പിള്ള സാറിനെയും മിന്നൽ പരമശിവൻ സാറിനെയും ഞാൻ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സ്കൂളിന് മാസ്റ്റർപ്ലാനും എക്സ്പാൻഷൻ കോൺസെപ്റ്റ് പ്ലാനും തയ്യാറാക്കി നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.