1

വിഴിഞ്ഞം: കോവളത്തെ വിദേശ സഞ്ചാരത്തിന്റെ സീസണിന് തുടക്കം കുറിച്ച് വിദേശസംഘം എത്തിത്തുടങ്ങി. കോവളം ഇനി വിനോദത്തിരക്കിലേക്ക്. ക്രിസ്മസും പുതു വത്സരവുമൊക്കെയായി ഇനിയുള്ള ഏതാനും മാസം കോവളം സഞ്ചാരികളുടെ പറുദീസയായിരിക്കും. ആയുർവേദ ചികിത്സ കൂടാതെ ക്രിസ്മസും പുതുവർഷവും ആഘോഷിക്കാനാണ് തീരത്ത് വിദേശികൾ കൂടുതലും എത്തുന്നത്. ഇവരെ വരവേൽക്കാനൊരുങ്ങുകയാണ് ഇവിടുത്തെ ചെറുകടകൾ മുതൽ റസ്റ്റോറന്റുകളും ഹോട്ടലുകളും എല്ലാം. ഹോട്ടലുകൾ മോടികൂട്ടിത്തുടങ്ങി, റസ്റ്റോറന്റുകൾ അറ്റകുറ്റപ്പണികളും ആരംഭിച്ചു, നാട്ടിലേക്കുപോയ ഉത്തരേന്ത്യൻ കച്ചവടക്കാർ കോവളത്തേക്ക് മടങ്ങിയെത്തുകയാണ്. അടുത്ത മേയ് വരെ കോവളത്തിന് ഉത്സവപ്രതീതിയാണ്. ദീപാവലി ആഘോഷങ്ങൾക്കായി കോവളത്തെത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ. ഉത്തരേന്ത്യയിൽ സ്‌കൂളുകൾക്ക് അവധിയായതിനാൽ കുടുംബസമേതമാണ് സഞ്ചാരികൾ എത്തിയിരിക്കുന്നത്. ഇവർ കോവളത്ത് തങ്ങിയിട്ട് നഗരത്തിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. തുടർന്ന് കന്യാകുമാരിയും കണ്ടശേഷം നാട്ടിലേക്കു മടങ്ങുകയാണ് പതിവ്. ടൂറിസത്തിന് തുടക്കംകുറിച്ച് പതിവായി ഇവിടെയെത്തുന്ന ഊട്ടിയിൽ നിന്നുള്ള സ്കൂൾ സംഘം കഴിഞ്ഞ ആഴ്ചയെത്തി കാഴ്ചകൾകണ്ട് മടങ്ങി.

ആയുർവേദം തേടി...

ഇപ്പോൾ ഏറ്റവും കൂടുതൽ എത്തുന്നത് റഷ്യയിൽനിന്നുള്ള വിനോദസഞ്ചാരികളാണ്. വിനോദത്തിനപ്പുറം ഇവർ കൂടുതൽ പ്രാധാന്യം നൽകുന്നത് ആയുർവേദ ചികിത്സയ്ക്കാണ്. സംഘങ്ങളായാണ് ഇവർ ചികിത്സക്കെത്തുന്നത്. എല്ലാവർഷവും റഷ്യക്കാർ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. തീരത്തെ ഉൾപ്പെടെയുള്ള ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്താണ് എത്തുന്നത്. പുലർച്ചെ മുതൽ തുടങ്ങുന്ന ചികിത്സയ്ക്കു ശേഷം കടൽക്കുളിയിൽ ഏർപ്പെടും.

കടൽ ശാന്തം, അപകടകരവും

കടൽ ശാന്തമായ അവസ്ഥയിൽ കാണുന്നതിനാൽ പകൽ കുളിക്ക് തടസമില്ല. ഈ സമയം വേലിയേറ്റമാണ്. എന്നാൽ വൈകിട്ടോടെ ഉണ്ടാകുന്ന വേലിയിറക്കം അപകടം ഉണ്ടാക്കുന്നതാണ്. ഈ സമയത്തെ കടൽക്കുളിക്ക് വിലക്കേർപ്പെടുത്തുമ്പോൾ വിദേശികൾ ഉൾപ്പെടെ ലൈഫ് ഗാർഡുമാരുമായി തർക്കത്തിന് കാരണമാകാറുണ്ട്.

അടിസ്ഥാനസൗകര്യം വേണം

തീരത്തെ വെളിച്ചക്കുറവും സി.സി.ടിവിയുടെ അറ്റകുറ്റപ്പണികളും ഈ സീസണിനു മുൻപ് പരിഹരിക്കണമെന്നാണ് വ്യാപാരികളുടെയും ഹോട്ടലുടമകളുടെയും ആവശ്യം.