തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ 'ഹരിത കവചം' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ വെളിപ്പെട്ടത് വമ്പൻ ക്രമക്കേടുകൾ. 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. വ്യവസ്ഥകൾക്ക് വിരുദ്ധമായി തണ്ണീർത്തടങ്ങളും വയലുകളും ഡാറ്റാബാങ്കിൽ നിന്നൊഴിവാക്കുന്നതായും ഇത് നികത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
2023മുതലുള്ള അപേക്ഷകളിലെ നടപടികൾ പരിശോധിച്ചതിൽ, ചിലയിടത്ത് തരംമാറ്റിയ ഭൂമി നീർച്ചാലുകൾ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളിൽ മണ്ണിട്ട് നികത്തിയെടുത്തതാണെന്ന് കണ്ടെത്തി. തണ്ണീർതടങ്ങളുള്ളിടത്തും മണ്ണിട്ട് നികത്തി തരംമാറ്റം വരുത്തിയിട്ടുണ്ട്. തരം മാറ്റേണ്ട ഭൂമിയുടെ വിസ്തൃതിയിൽ 10% ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കണമെന്നതും പാലിച്ചിട്ടില്ല.
മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ തരംമാറ്റത്തിനായി പ്രവർത്തിക്കുന്ന ഏജൻസിയിൽ നിന്ന് 4,59,000 രൂപ ഗൂഗിൾ പേയിലൂടെ കൈപ്പറ്റിയതായി കണ്ടെത്തി. ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ 11,69,000 രൂപയുടെ സംശയകരമായ ഗൂഗിൾപേ ഇടപാടുകൾ കണ്ടെത്തി. മലപ്പുറത്ത് ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരുതവണ നിരാകരിച്ച അപേക്ഷ പരിശോധിച്ചപ്പോൾ വസ്തു മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പുതിയ അപേക്ഷ നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരം മാറ്റിയതായി കണ്ടെത്തി. 11 അപേക്ഷകളിൽ ഒറ്റ ഫോൺ നമ്പരാണുള്ളത്. തളിപ്പറമ്പിൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കൃഷി ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കി ആർ.ഡി.ഒ ഉത്തരവിറക്കി. കണ്ണൂർ കളക്ടർ തരംമാറ്റം നിരസിച്ച അപേക്ഷയിൽ ആർ.ഡി.ഒ തരംമാറ്റം അനുവദിച്ചതായും കണ്ടെത്തി. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ 2021മുതലുള്ള അപേക്ഷകളിൽ നടപടിയെടുത്തിട്ടില്ല.
''ക്രമക്കേടുകൾ കണ്ടെത്താൻ ഉപഗ്രഹചിത്രങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയുണ്ടാവും. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും, ഏജന്റുമാരുടെയും ബാങ്ക് വിവരങ്ങളടക്കം പരിശോധിക്കും.''
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി