തിരുവനന്തപുരം:കെ.കരുണാകരൻ കൈപിടിച്ചുയർത്തുകയും ലീഡർ തളർന്നപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്ത രാഷ്ട്രീയ ജാതകമാണ് ഇന്നലെ അന്തരിച്ച മുൻകോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എം.ആർ.രഘുചന്ദ്രബാലിന്റേത്. 75ാം വയസിൽ വിടപറയുമ്പോൾ ആറുവർഷം മാത്രം നീണ്ട രാഷ്ട്രീയത്തിളക്കത്തിന്റെ ഒാർമ്മകളാണ് അദ്ദേഹം അവശേഷിപ്പിച്ചത്.
വോട്ടുബാങ്കായ നാടാർ സമുദായത്തിന്റെ നേതാവായിരുന്നു രഘുചന്ദ്രബാൽ. മുത്തച്ഛൻ കുഞ്ഞുകൃഷ്ണനാടാർ ജന്മദേശമായ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഏറെക്കാലം. അദ്ദേഹം മരിച്ചപ്പോൾ ചെറുപ്രായത്തിൽ രഘുചന്ദ്രബാൽ പഞ്ചായത്ത് പ്രസിഡന്റായി പാരമ്പര്യം കാത്തു. വിദ്യാർത്ഥി ആയിരിക്കവേ ഗാനങ്ങൾ കമ്പോസ് ചെയ്യുകയും നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കക്കയം ക്യാമ്പ് എന്ന നാടകത്തിൽ ജയറാം പടിക്കലിനെ അവതരിപ്പിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിന്റെ മികവിൽ 1980ൽ കോവളത്തുനിന്ന് സി.പി.ഐയുടെ വി.തങ്കയ്യയെ തോൽപ്പിച്ച് നിയമസഭയിലെത്തി. കരുണാകരനുമായി അടുത്തതോടെ കോൺഗ്രസിൽ നിർണ്ണായക സ്വാധീനമായി.1991ൽ സുന്ദരൻനാടാരെ തോൽപ്പിച്ച് പാറശാലയിൽ നിന്ന് നിയമസഭയിലെത്തി.കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി.
മന്ത്രിയായിരിക്കെ ഖദർ മാറ്റി കാക്കി ധരിച്ച് കള്ളവാറ്റ് വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്ത രഘുചന്ദ്രബാൽ വാർത്തകളിലെ താരമായി. കാടുകൾ കയറി, ചാരായച്ചാലുകൾ നീന്തി കള്ളവാറ്റുകാരെ പിടികൂടിയ കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞു.യുവാവായ എക്സൈസ് മന്ത്രിയുടെ വിവാഹവും ആയിടയ്ക്കാണ് നടന്നത്. എന്നാൽ കരുണാകരനെതിരെ ഐ.എസ്.ആർ.ഒ.ചാരക്കേസ് ഉയർന്നതോടെ രഘുചന്ദ്രബാലിനും തിരിച്ചടിയായി.അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും മങ്ങുകയായിരുന്നു. 1996ൽ പാറശ്ശാലയിൽ നിന്നു മത്സരിച്ചപ്പോൾ മുൻ മന്ത്രിയായിരുന്ന രഘുചന്ദ്രബാൽ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ സുന്ദരൻ നാടാർ നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ അത്ഭുതങ്ങളിലൊന്നായി രേഖപ്പെട്ടു.
.2022ൽ രഘുചന്ദ്രബാലിന്റെ സഹോദരനും കാഞ്ഞിരംകുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ രാജഗുരുബാൽ ആത്മഹത്യ ചെയ്ത സംഭവം കൂടി വന്നതോടെ വീണ്ടും അദ്ദേഹത്തെ വിവാദത്തിലാക്കി. പിന്നീട് അദ്ദേഹം അസുഖബാധിതനായി ജീവിതത്തിലും തിളക്കം മങ്ങുകയായിരുന്നു.