k

കോവളം: തെരുവ് നായ ഭീതിയിൽ കോവളത്തെ സഞ്ചാരികൾ. 2 മാസങ്ങളിലായി 15ഓളം പേർക്കാണ് ബീച്ചിൽ തെരുവ് നായയുടെ കടിയേറ്റത്.

ഇന്നലെ റഷ്യൻ സ്വദേശി പോളിനയെ തെരുവ് നായ കടിച്ചതാണ് ഒടുവിലത്തെ സംഭവം.ഏതാനും ആഴ്ചകൾക്ക് മുൻപ് കർണാടകയിൽ നിന്നെത്തിയ പ്രദീപിനും (43) നായ കടിയേറ്റിരുന്നു.ഇയാൾ തീരം സന്ദർശിച്ച ശേഷം കുടുംബത്തോടൊപ്പം ലൈറ്റ് ഹൗസിന് സമീപത്തെ നടപ്പാതയിലൂടെ പോകുമ്പോഴാണ് നായ ആക്രമിച്ചത്. ഇടതുകാലിൽ ആഴത്തിൽ മുറിവേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പ്രദീപിനെക്കൂടാതെ ഒരു കുട്ടിക്കും,സജീർ,ലില്ലി എന്നിവർക്കും ഏതാനും ആഴ്ചകൾക്ക് മുൻപ് നായയുടെ കടിയേറ്റിരുന്നു.

പലപ്പോഴും കൂട്ടമായെത്തിയാണ് നായ്‌ക്കൾ സഞ്ചാരികളെ ആക്രമിക്കുന്നത്.ഇവ തീരത്തും നടപ്പാതകളിലുമാണ് വിശ്രമിക്കുന്നത്. പ്രകോപനമില്ലാതെ ആക്രമിക്കുകയാണ് പതിവ്. തിരക്കൊഴിഞ്ഞ സമയത്ത് പ്രഭാത സവാരിക്ക് എത്തുന്നവർക്കും കടിയേറ്റിട്ടുണ്ട്.

ലൈറ്റ് ഹൗസ്,ഹവ്വാ,ഗ്രോവ് ബീച്ചുകളിൽ പല സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നത് പതിവ് കാഴ്‌ചയാണ്.

കുറച്ചുമാസങ്ങളായി സഞ്ചാരികൾക്ക് നേരെ തെരുവ്നായ ആക്രമണമുണ്ടായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.സീസൺ ആരംഭിക്കാനിരിക്കെ ബീച്ചുകളിൽ സഞ്ചാരികളുൾപ്പെടെ ആർക്കും ഇറങ്ങാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികൾക്ക് ഭീഷണിയായ തെരുവ് നായ്‌ക്കളെ എത്രയും വേഗം പിടികൂടണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.