1

വിഴിഞ്ഞം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ വിദേശ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ സന്ധ്യയോടെയാണ് റഷ്യയിൽ നിന്നുള്ള പൗളിന് (32) തെരുവുനായയുടെ കടിയേറ്റത്.ഒറ്റയ്ക്ക് നടന്നുവരുമ്പോൾ പ്രകോപനമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് ദൃക്സാക്ഷിയായ സമീപത്തെ റസ്റ്റോറന്റ് അധികൃതർ പറഞ്ഞു.

വലത് കണങ്കാലിന്റെ മുൻവശത്ത് ആഴത്തിൽ മുറിവേറ്റ പൗളിനയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

മുൻപ് ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്നുപേരെ ഇതേ നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.ഇന്നലെ രാവിലെ ബീച്ചിൽ അലഞ്ഞുതിരിയുന്ന മറ്റൊരു നായ ഒരു വിദേശിയെ കടിക്കാൻ ഓടിച്ചതായി ലൈഫ് ഗാർഡുകൾ പറഞ്ഞു. വിദേശികൾതന്നെ ഭക്ഷണം കൊടുക്കുന്നതിനാൽ തീരത്ത് ധാരാളം നായ്ക്കൾ തമ്പടിക്കാറുണ്ട്. ഇത് മറ്റ് സഞ്ചാരികളെ വിരട്ടുകയും കടിക്കുകയും ചെയ്യാറുണ്ട്.