തിരുവനന്തപുരം: വിഴിഞ്ഞം മതിപ്പുറത്ത് രാജീവ് ആവാസ് യോജന സ്കീമിൽ നിർമ്മിച്ച ഫ്ലാറ്റുകളിലെ സെപ്ടിക് ടാങ്കുകളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനായി വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു.കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റർജിക് കൗൺസിലിന്റെ(കെ ഡിസ്ക്) 'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം' പദ്ധതിയുടെ ഭാഗമായാണിത്.സോഷ്യൽ ആൽഫ, യൂണിവേഴ്‌സിറ്റി ഒഫ് ടൊറന്റോ ഇന്ത്യ ഫൗണ്ടേഷൻ, കില എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'ഇന്നൊവേഷൻസ് ഇൻ സസ്‌റ്റൈനബിൻ അർബൻ ട്രാൻസിഷൻ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഇന്നൊവേഷൻ ചാലഞ്ചിലൂടെ കണ്ടെത്തിയ നൂതനാശയമാണിത്. ഇലക്ട്രോ കെമിക്കൽ പ്രക്രിയ വഴിയും ബയോഫിൽറ്റർ സാങ്കേതികവിദ്യയും വഴിയുള്ള രണ്ട് മോഡൽ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്.
ഒരുദിവസം 35,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാം. ലാംബർട്ട് ടെക്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് 20 കെ.എൽ.ഡി സംസ്കരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് രാസവസ്തുക്കളില്ലാതെ പ്രവർത്തിക്കും.ടെല്ലസ് ഹാബിറ്റാറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് 15 കെ.എൽ.ഡി പ്ലാന്റിന്റെ സ്ഥാപകർ.നൂതന ബയോളജിക്കൽ റിയാക്ടറും ഉപയോഗിക്കുന്നു.
സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ അനുയോജ്യമാണിത്. കുറഞ്ഞ പ്രവർത്തനച്ചെലവ്, ഉറവിട മാലിന്യ സംസ്കരണത്തിന് അനുയോജ്യം,ഉയർന്ന ഊർജ്ജക്ഷമത,നിലവിലുള്ള ടാങ്കുകളുമായി സംയോജിപ്പിക്കാം, നിശബ്ദവും ദുർഗന്ധം ഇല്ലാത്തതുമായ പ്രക്രിയ,ഹരിതഗൃഹ വാതക ഉത്പാദനം 50 ശതമാനം കുറയ്ക്കുന്നു എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഭൂഗർഭ സംവിധാനവും സാദ്ധ്യമാണ്. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, റിസോർട്ടുകൾ, ഹോം സറ്റേകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാം. ആദ്യഘട്ടത്തിൽ 110 കുടുംബങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാൻ സാധിക്കും.