yard

മേപ്പാടി: കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി ഡംപിംഗ് യാർഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മീനാക്ഷി എസ്റ്റേറ്റ് റോഡിന് സമീപമാണ് യാർഡ് നിർമ്മിക്കുന്നത്. താത്ക്കാലിക ക്രഷർ യൂണിറ്റ് ഇവിടെ ആരംഭിക്കും. ഇതിനായി രണ്ട് മൈതാനങ്ങൾ ഒരുക്കി കഴിഞ്ഞു. തുരങ്കം നിർമ്മിക്കേണ്ട പാറയുടെ അടുത്തുനിന്ന് നിശ്ചിത അകലം കണക്കാക്കിയാണ് മണ്ണ് നീക്കം ചെയ്തിട്ടുള്ളത്. നിർമ്മാണ വസ്തുക്കൾ യാർഡിലാണ് ശേഖരിക്കുക. വലിയ പാറകൾ പൊട്ടിച്ചെടുക്കുമ്പോൾ സംസ്‌കരിക്കുന്നതിനാണ് ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നത്. കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റും ഇവിടെ സ്ഥാപിക്കും. മീനാക്ഷി പാലത്തിന് സമീപത്തു നിന്ന് തുരങ്കം നിർമ്മിക്കുന്ന പാറയുടെ അടുത്തേക്ക് മണ്ണ് നീക്കൽ അന്തിമഘട്ടത്തിലാണ്. മഴ ശമിച്ചതോടെ നിർമ്മാണത്തിന് വേഗത കൂടിയിട്ടുണ്ട്. നൂറോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. തൊഴിലാളികൾക്ക് താമസിക്കാൻ ആറ് ഷെൽട്ടറുകളാണ് നിർമ്മിച്ചത്. ആഗസ്റ്റ് 31നാണ് തുരങ്ക പാത നിർമ്മാണത്തിന് തുടക്കമായത്. രണ്ടുമാസം കൊണ്ട് തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രങ്ങൾ ഉൾപ്പെടെ അടുത്തമാസം അവസാനത്തോടെ എത്തിക്കും. കോഴിക്കോട് ഭാഗത്ത് മറിപ്പുഴയിലും നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.