പുൽപ്പളളി: ചെറിയ കാലയളവിനുശേഷം ഇഞ്ചി വില ഉയരുന്നതിൽ കർഷകർക്ക് പ്രതീക്ഷയോടെ കർഷകർ. കഴിഞ്ഞ വർഷം ഈ സമയത്ത് 1000 രൂപയായിരുന്നു ഒരു ചാക്ക് ഇഞ്ചിയുടെ വില. ഇപ്പോൾ അത് 2600 രൂപവരെയെത്തിയിരിക്കുന്നു. രോഗ കീടബാധകളാൽ ഉത്പാദനം ഇത്തവണ കുറവാണ്. ഇക്കാരണത്താൽ ഉയർന്ന വില വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വയനാട്ടിലെ കൃഷി തകർച്ചയെത്തുടർന്ന വർഷങ്ങളായി നിരവധി കർഷകർ ഇഞ്ചി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു ചാക്ക് ഇഞ്ചിക്ക് 13,000 രൂപ വരെ വില ലഭിച്ചിരുന്നു. ഇത് പിന്നീട് കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി വില കുത്തനെ കുറവാണ്.
ഭീമമായ നഷ്ടമാണ് പല കർഷകർക്കും ഉണ്ടായത്. പലരും കടക്കെണിയിലായി. ഇക്കാരണത്താൽ ഈ സീസണിൽ ഇഞ്ചി കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണത്തിലും കുറവുണ്ടായി. പൈലക്കുറേലിയ എന്നരോഗം ബാധിച്ച് ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്. കുറേ കർഷകർ മരുന്നുകൾ പ്രയോഗിച്ച് കൃഷി സംരക്ഷിച്ചു. ഇത്തരക്കാർക്ക് ഇഞ്ചിയുടെ വില ഉയരുന്നത് അനുഗ്രഹമാകും. വൻ പാട്ടത്തുകയും കൂലി ചെലവുകളും വ്യാപകമായ രോഗബാധയും മൂലം കൈവെടിഞ്ഞ ഇഞ്ചി കൃഷിമേഖലയ്ക്ക് പുത്തൻ ഉണർവായി മാറിയിരിക്കുകയാണ്. നിലവിലെ വില വർദ്ധന വരും നാളുകളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. ഉത്പാദന കുറവ് നിലവിൽ കൃഷിയുളളവർക്ക് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.