നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ ബി ജെ പിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാർ. യു പിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി യോഗിയുടെ അടക്കം മണ്ഡലങ്ങളിൽ കൃഷ്ണകുമാർ പ്രചരണത്തിന് എത്തിയിരുന്നു. ഗോവയിൽ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും അദ്ദേഹം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. ഗോവയിൽ ഇലക്ഷൻ ആവേശം കുറവായിരുന്നെങ്കിലും മലയാളി സഹോദരങ്ങളുടെ പെരുമാറ്റം വളരെയധികം സന്തോഷം നൽകിയെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നത്തെ ഗോവയിലെ പ്രചാരണം ആരംഭിച്ചത് മഡ്ഗാവിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ്. അമ്പലത്തിൽ തൊഴുത ശേഷം അവിടുത്തെ മലയാളികളായ ഭക്തരും സുഹൃത്തുക്കളുമായി ഒത്തുകൂടി.
അവിടെ നിന്നും നേരെ പോയത് അതേമണ്ഡലത്തിലെ സ്ഥാനാർഥിയായ ശ്രി മനോഹർ അജ്‌ഗോങ്കറിന്റെ വീടുതോറുമുള്ള പ്രചാരണത്തിലായിരുന്നു. വളരെ ശാന്തവും സമാധാനവുമായുള്ള പ്രചാരണ രീതിയാണ് ഗോവയിൽ കണ്ടത്..
ഫത്തോട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ശ്രി ദാമു നായിക്കിന്റെ പ്രചാരണത്തിലേക്കാണ് പിന്നീട് പോയത്. അതിനു ശേഷം മലയാളികൾ കൂടുതലായി വസിക്കുന്ന പ്രദേശങ്ങളിൽ പോയി പ്രവർത്തിച്ചു. ഇലക്ഷൻ ആവേശം കുറവായിരുന്നെങ്കിലും മലയാളി സഹോദരങ്ങളുടെ സ്‌നേഹജ്വലമായ പെരുമാറ്റം വളരെ അധികം സന്തോഷം നൽകി. ഇന്നത്തെ പ്രചരണം കുറച്ചു നേരത്തെ അവസാനിച്ചു. ഇലക്ഷൻ ഓഫീസിൽ ദേശീയ ജനറൽ സെക്രട്ടറി ശ്രി ബി എൽ സന്തോഷ് വന്നതിനാൽ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങി