ഭീഷ്മപർവ്വം എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ബിഗ് ബി എന്ന ട്രെൻഡ്സെറ്ററിന് 15 വർഷത്തോളം കഴിഞ്ഞ് ഇറങ്ങുന്ന് മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിന് എന്നതാണ് ഈ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രമോഷൻ. ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. മമ്മൂട്ടിയുടെ ആറ്റിറ്റൂടും ലുക്കും ടീസറിലെ ഡയലോഗും തരംഗമായിരുന്നു. തീയേറ്ററിൽ കൊവിഡ് കാലത്തിന് ശേഷം 100 ശതമാനം സീറ്റിലും ആൾക്കാരെ പ്രവേശിപ്പിക്കാൻ കഴിഞ്ഞതും ആവേശം ഇരട്ടിപ്പിച്ചു. ഈ ആവേശത്തിന് പ്രതീക്ഷയ്ക്കുമൊത്ത ഫലം നൽകാൻ ചിത്രത്തിനായോ എന്ന് പരിശോധിക്കാം.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പ്രെമോകളും ഇതൊരു ഗ്യാംഗ്സ്റ്റർ ചിത്രമാണ് എന്ന പ്രതീതി ജനിപ്പിക്കാമെങ്കിലും കുടുംബങ്ങൾക്കുള്ളിൽ ഉരുതിരിഞ്ഞു വരുന്ന കുടിപ്പകയാണ് ചിത്രത്തിന്റെ കഥാതന്തു. ഭീഷ്മപർവ്വം എന്ന പേരിൽ തന്നെ ചിത്രത്തിന്റെ കഥയുണ്ട് എന്ന് പറയാം. മഹാഭാരതത്തിലെ പോലെ ബന്ധുക്കൾ തന്നെയാണ് ഈ ചിത്രത്തിലെയും നായികരും പ്രതിനായകരുമാകുന്നത്. അഞ്ഞൂറ്റി എന്ന കുടുംബത്തിലെ സർവ്വവും മൈക്കിളാണ്. അയാളെ എതിർത്ത് നാവ് പൊക്കാൻ പോലും അവിടെയാരും മുതിരില്ല. എന്നാൽ ഒളിഞ്ഞും പതുങ്ങിയും മൈക്കിളിന്റെ ഏകാധിപത്യത്തിന് അറുതി വരുത്തണമെന്ന് വീട്ടിനുള്ളിൽ നിന്ന് തന്നെ മുറവിളിയുരുന്നുണ്ട്. അതിനെ പിന്തുണയ്ക്കാൻ പുറത്ത് നിന്ന് ചില കൂട്ടർ എത്തുന്നതോടെ കുരുക്ഷേത്ര യുദ്ധസമാനമാകുന്നു അഞ്ഞൂറ്റി. ഇതിനെ മൈക്കിളും അയാളുടെ കൂട്ടാളികളും നേരിടുന്നതാണ് അമൽ നീരദിന്റെ തനതായ സ്റ്റൈലിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കളുടെ നിര ശക്തമായത് ചിത്രത്തിന് മുതൽതക്കൂട്ടായി. പൊതുവിൽ നായകന്റെ വൺമാൻ ഷോക്ക് മാത്രം പ്രാധാന്യം നൽകുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ ഒട്ടുമിക്ക കഥാപാത്രത്തങ്ങൾക്കും വേണ്ടുവോളം സ്ക്രീൻ സ്പേസ് നൽകാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്. വളരെ സാധാരണമായ കഥാപശ്ചാത്തലമുള്ള ചിത്രം അമൽ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ സംഗീതവും കാമറയുമടങ്ങിയ സാങ്കേതിക ഘടകങ്ങളും ചേർന്ന് നല്ലൊരു തീയേറ്റർ അനുഭവമാക്കുന്നു.
ബിഗ് ബിയിലെ ബിലാലിനെ പോലെയല്ല ഭീഷ്മപർവ്വത്തിലെ മൈക്കിൾ. രണ്ട് കഥാപാത്രങ്ങളും ആൽഫ മെയിൽ ഗണത്തിൽ പെടുന്നവരാണെങ്കിലും ശരീരഭാഷയിലും പെരുമാറ്റത്തിലും യാതൊരു വിധ സാമ്യങ്ങളുമില്ല. മഹാഭാരതത്തിലെ ഭീഷ്മരെുടെയും ഹോളിവുഡിലെ ഗോഡ്ഫാദറിന്റെയും സ്വാധീനം ചിത്രത്തിൽ കാണാം. അത്തരമൊരു കഥാപാത്രമാണ് മൈക്കിൾ. ചിത്രത്തിലുടനീളം നിൽക്കാത്ത കഥാപാത്രം മമ്മൂട്ടിയുടെ പ്രകടനവും സ്ക്രീൻപ്രസൻസും മൂലം ചിത്രത്തിന്റെ ആത്മാവാകുന്നു. മമ്മൂട്ടിക്ക് പുറമേ സൗബിനും ശ്രീനാഥ് ഭാസിയും ദീലീഷ് പോത്തനും നിസ്താർ സെയ്ട്ടും ഷൈൻ ടോം ചാക്കോയും ഉൾപ്പെടെയുള്ള താരങ്ങളും കൈയടി നേടുന്നുണ്ട്.
സുഷിൻ ശ്യാമിനെ പരാമർശിക്കാതെ ഈ ചിത്രത്തിന്റെ റിവ്യൂ പൂർണമാകില്ല. പറുദീസ എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. അത് പോലെ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും. സിനിമയിൽ കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്ന ബിജിഎം പ്രേക്ഷകരെ ആവേശം കൊള്ളിക്കും.
വളരെ സങ്കീർണമായ കഥാപരിസരമൊന്നും അവകാശപെടാനാകാത്ത ചിത്രമാണ് ഭീഷ്മപർവ്വം. പതിഞ്ഞ താളത്തിൽ പോകുന്ന അദ്യ പകുതിയിൽ തന്നെ ചിത്രത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാൻ എതൊരാൾക്കും കഴിയും. ഇടയ്ക്കുള്ള മെല്ലെപോക്കും പരിചിതമായ കഥാതന്തുവുമാണ് ചിത്രത്തിന്റെ പോരായ്മ. ശക്തമായ അഭിനയനിരയും തന്റെ മേക്കിംഗും മുഖേനയാണ് അമൽ ഈ ചിത്രത്തിന്റെ തന്റെതായ മുദ്ര അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്.
ഒരു അമൽ നീരദ് പടം കാണാൻ പോകുന്ന പ്രേക്ഷകരെ തൃപ്തിപെടുത്താൻ കഴിയുന്നതെല്ലാം ഭീഷ്മപർവ്വത്തിലുണ്ട്. ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നവരിലേക്ക് ഒരു ഫാമിലി ക്രൈം ഡ്രാമയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പുതിയ കൊച്ചിയിലെത്തിയ ബിലാലിനെ പോലെയല്ല, പഴയ കൊച്ചിയിലെ മൈക്കിളിന്റെ കഥയാണ്.