വയനാട്: അച്ഛനും അമ്മയും നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ വിളിക്കണം. എന്റെ ഭാര്യ റെഡിയാണ് എന്ന് ഇടുക്കി ഉപ്പുതുറ സ്വദേശി സജിൻ പാറേക്കര സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ഫോൺ കാളുകളാണ് വന്നത്. തുടർന്ന് ഭാര്യ ഭാവനയ്‌ക്കും കുഞ്ഞ് മക്കൾക്കുമൊപ്പം പിക്കപ്പ് വാനിൽ വയനാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു സജിൻ. എന്നാൽ,രാത്രിയോടെ സ്ഥലത്തെത്തി ആ നമ്പറിൽ വിളിച്ചെങ്കിലും ഇവർ കാളെടുത്തില്ലെന്ന് സജിൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. അതേസമയം സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന നെഗറ്റീവ് കമന്റുകൾ വിഷമം ഉണ്ടാക്കുന്നുണ്ട്.
തുടർന്ന് വയനാട്ടിലെ ക്യാമ്പുകളിലേക്ക് പോയി. അവിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലോളം അമ്മമാർ സുഖം പ്രാപിച്ചതിനാൽ അവർ കുട്ടികൾക്ക് മുലയൂട്ടാമെന്ന് പറഞ്ഞു. ക്യാമ്പിൽ കഴിയുന്നതിനാൽ,മുലപ്പാൽ സംഭരിക്കുക എന്നതും പ്രാവർത്തികമല്ല. പിന്നീട് വിംസ് ആശുപത്രിയിൽ ഒരു കുട്ടിയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ വഴി അറിയാൻ കഴിഞ്ഞു. ഈ കുഞ്ഞിന് മുലപ്പാൽ വേണമോ എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലത്തതിനാൽ സജിനും കുടുംബവും ഇപ്പോഴും മേപ്പാടിയിലാണ്. ഇന്നും കൂടി പ്രദേശത്ത് തുടരുമെന്നും ആരും വിളിച്ചില്ലെങ്കിൽ തിരികെ പോകുമെന്നും സജിൻ പറഞ്ഞു.