തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ടു. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും ഇതിലില്ലെന്നാണ് വിവരം.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി, സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകി. ഇതിനുപിന്നാലെ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അപേക്ഷകരെ അറിയിക്കുകയായിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രഞ്ജിനി വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.
കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.