ന്യൂഡൽഹി: 2,000 രൂപാ നോട്ടിന്റെ അച്ചടി നിറുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി 2,000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടില്ല.
ഈവർഷം മാർച്ച് 31ലെ കണക്കുപ്രകാരം 2,000ന്റെ 27,398 ലക്ഷം നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 2019ലെ പ്രചാരം 32,910 ലക്ഷം നോട്ടുകളായിരുന്നു. എല്ലാ കറൻസികളുടെയും അച്ചടി ലോക്ക്ഡൗണിൽ നിറുത്തിവച്ചിരുന്നത്, ഘട്ടംഘട്ടമായി പുനരാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിന്റെ കീഴിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിലും (ബി.ആർ.ബി.എൻ.എം.പി.എൽ), സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലുമാണ് (എസ്.പി.എം.സി.ഐ.എൽ) അച്ചടി പുനരാരംഭിച്ചത്. മൈസൂർ, സാൽബനി (ബംഗാൾ) എന്നിവിടങ്ങളിലാണ് ബി.ആർ.ബി.എൻ.എം.പി.എല്ലിന്റെ പ്രസുകൾ. എസ്.പി.എം.സി.ഐ.എല്ലിന്റെ പ്രസുകൾ നാസിക്കിലും മദ്ധ്യപ്രദേശിലെ ദേവാസിലുമാണ്.