തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ വെട്ടലും കൂട്ടിച്ചേർക്കലും കഴിഞ്ഞപ്പോൾ മത്സരരംഗത്ത് മുപ്പതോളം പുതുമുഖങ്ങൾ. അത്ര തന്നെ എം.എൽ.എമാർക്ക് ഇക്കുറി സീറ്റ് പോകും. അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയാണിത്. നാലു പേർ വീതം പുതുമുഖ സ്ഥാനാർത്ഥികളാകുന്ന ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് കാര്യമായ പട്ടിക പരിഷ്കാരം. എറണാകുളത്തും മലപ്പുറത്തും കോഴിക്കോട്ടും മൂന്നു വീതം സീറ്റുകളിൽ പുതുമഖങ്ങൾ മത്സരിക്കും.
തുടർച്ചയായി രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ ഇളവു വേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് ഇന്നലെ സംസ്ഥാന സമിതിയും അംഗീകരിച്ചതോടെ, ചില മന്ത്രിമാരുടെ കാര്യത്തിൽ പരിഗണനയുണ്ടാകുമെന്ന അഭ്യൂഹം വെറുതെയായി. തിരുത്തലുകളോടെ ജില്ലാ ഘടകങ്ങൾക്കു തിരിച്ചയച്ച പട്ടിക ഇനി ജില്ലാ സെക്രട്ടേറിയറ്റുകൾ ചർച്ച ചെയ്ത് പൂർണമാക്കും. പിന്നീട് സംസ്ഥാന, കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരത്തോടെ പത്തിന് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കും.
പൊളിറ്റ്ബ്യൂറോയിൽ നിന്ന് പിണറായി വിജയൻ മാത്രമാകും മത്സരിക്കുക. കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മത്സരിക്കും. കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എ.കെ. ബാലൻ മാറിയപ്പോൾ തരൂർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ.പി.കെ. ജമീലയാണ് പട്ടികയിൽ. ഇരിങ്ങാലക്കുടയിൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ ഭാര്യയും തൃശൂർ മുൻ മേയറുമായ ഡോ.ആർ. ബിന്ദു പട്ടികയിലുണ്ട്.
ലോക്സഭയിലേക്ക് മത്സരിച്ചവരെ ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ അഞ്ചു പേർക്ക് ഇളവ് കിട്ടി. കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), വി.എൻ. വാസവൻ (ഏറ്റുമാനൂർ), വീണാ ജോർജ് (ആറന്മുള), പി. രാജീവ് (കളമശ്ശേരി), എം.ബി. രാജേഷ് (തൃത്താല) എന്നിവരാണ് പട്ടികയിലുള്ളത്. റാന്നി, കുറ്റ്യാടി മണ്ഡലങ്ങൾ കേരള കോൺഗ്രസ്- എമ്മിനായും കൂത്തുപറമ്പ്, കല്പറ്റ മണ്ഡലങ്ങൾ ലോക് താന്ത്രിക് ജനതാദളിനായും മാറ്റി. സ്ഥാനാർത്ഥിയെ തീരുമാനിക്കാത്ത പിറവവും മാണിഗ്രൂപ്പിന് നൽകിയേക്കാം.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി പി. സതീദേവിയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയിൽ മുന്നിലുണ്ടായിരുന്നതെങ്കിലും സെക്രട്ടേറിയറ്റിൽ എളമരം കരീം എതിർത്തു. മഹിളാ അസോസിയേഷൻ സെക്രട്ടറിക്ക് ജയസാദ്ധ്യതയില്ലെന്ന വിലയിരുത്തലും ചർച്ചയായി. അവിടെ സതീദേവിക്കു പുറമേ കാനത്തിൽ ജമീലയുടെ പേരും ചേർത്താണ് ജില്ലാ സെക്രട്ടേറിയറ്റിന് വീണ്ടും വിട്ടത്.
വനിതകൾ 11
ഇക്കുറി പതിനൊന്ന് വനിതകളേ സാദ്ധ്യതാ ലിസ്റ്റിൽ ഉള്ളൂ. കഴിഞ്ഞ തവണ പന്ത്രണ്ടു വനിതകളെ മത്സരിപ്പിച്ചിരുന്നു. വനിതാപ്രാതിനിദ്ധ്യം കുറഞ്ഞതിനെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ ടി.എൻ. സീമ വിമർശിച്ചതായി അറിയുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെയടക്കം പരിഗണിക്കാത്തതിലാണ് വിമർശനം.