SignIn
Kerala Kaumudi Online
Friday, 25 July 2025 4.10 PM IST

ട്രംപിനും നാളെ ദീപാവലിയാകുമോ?

Increase Font Size Decrease Font Size Print Page

donald-trump

പുറമേ നിന്ന് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് നോക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയരഹിതനും കർക്കശക്കാരനും ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അമേരിക്കയുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുകയും ചെയ്യുന്ന പ്രസിഡന്റാണ്.എന്നാൽ അമേരിക്കയിൽ ചെന്ന് അവിടുത്തെ നാട്ടുകാരോട് ചോദിച്ചാൽ പൗരൻമാരോടും രാഷ്ട്രത്തോടും സ്നേഹമുള്ള പ്രസിഡന്റാണ് ട്രംപെന്ന മറുപടിയാകും ഭൂരിപക്ഷംപേരിൽ നിന്നും ലഭിക്കുക.അതിന്റെയർത്ഥം തിരഞ്ഞാൽ ഒരുകാര്യം വ്യക്തമാകും.സങ്കുചിത ദേശീയവാദത്തിലൂടെ പ്രസിഡന്റ് പദത്തിലേറിയ ട്രമ്പ് തന്റെ ആ ട്രമ്പ് കാർഡ് ഇപ്പോഴും ഫലപ്രദമായി ഇറക്കി കളിച്ചുകൊണ്ടിരിക്കുകയാണെന്ന്.നാളെ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് (മിഡ് ടേം പോൾ) രണ്ട് വർഷത്തിനുശേഷം 2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം ടേം കൊതിക്കുന്ന ട്രംപിന്റെ മോഹങ്ങൾക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചൂണ്ടുപലകയായിരിക്കും.

ഇടക്കാല തിരഞ്ഞെടുപ്പ്

നമ്മുടെ ലോക്സഭയ്ക്കു സമാനമെന്ന് വിശേഷിപ്പിക്കാവുന്ന ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലേക്കും രാജ്യസഭയ്‌ക്ക് സമാനമായ സെനറ്റിലേക്കുമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസഭകളിലും ഭൂരിപക്ഷം ലഭിക്കുകയെന്നത് നയപരമായ തീരുമാനങ്ങൾ നടപ്പാക്കിയെടുക്കാൻ പ്രസിഡന്റിന് അത്യന്തം നിർണായകമാണ്.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ 435 സീറ്റുകളാണുള്ളത്. നിലവിലെ കക്ഷിനില പ്രകാരം ട്രംപിന്റെ റിപ്പബ്‌ളിക്കൻ പാർട്ടിക്ക് 240 അംഗബലത്തിന്റെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ‌ഡെമോക്രാറ്റിക് പാർട്ടിക്ക് നിലവിൽ 195 സീറ്റുകളാണുള്ളത്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകളുടെ പിന്നാമ്പുറം ചികഞ്ഞാൽ ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെടുന്ന ചരിത്രമാണ് പൊതുവെ കാണാൻ കഴിയുക. അതുകൊണ്ട് ഇരുസഭകളിലും ഇക്കുറി ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്ന വിലയിരുത്തലുകളുണ്ട്. ‌ഡെമോക്രാറ്റിക് നേതാവായിരുന്ന ബറാക്ക് ഒബാമ ഭരിക്കുമ്പോൾ രണ്ട് ഇടക്കാല തിരഞ്ഞെടുപ്പുകളിലും(രണ്ട് ടേമിലായി) ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നഷ്‌ടമായിരുന്നു. അതുമൂലം ഒബാമ കെയർ പദ്ധതിയടക്കം താൻ ആവിഷ്‌കരിച്ച പല പദ്ധതികളും പ്രാവർത്തികമാക്കാൻ ഒബാമയ്‌ക്ക് പ്രയാസപ്പെടേണ്ടി വന്നിരുന്നു. ഇപ്പോൾ വിവാദ പുരുഷനും തന്റെ ഇഷ്‌ടക്കാരനുമായ ബ്രെറ്റ് കാവെനോയെ ട്രംപ് സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ചതുപോലെ ഭരണകാലത്ത് ഒബാമയ്‌ക്ക് ഇരുസഭകളിലും ഭൂരിപക്ഷമില്ലാത്തതിനാൽ ഇഷ്‌ടക്കാരനെ അന്ന് ജഡ്‌ജാക്കാൻ കഴിഞ്ഞിരുന്നില്ല.

സെനറ്റ്

മൊത്തം നൂറ് സീറ്രുകളുള്ള സെനറ്റിൽ ഒഴിവ് വരുന്ന 35 സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ റിപ്പബ്‌ളിക്കൻ പാർട്ടിക്ക് 51 ഉം ഡെമോക്രാറ്റുകൾക്ക് 49 ഉം സീറ്റുകളാണുള്ളത്. കൗതുകകരമായ ഒരു സംഗതി തിരഞ്ഞെടുപ്പ് നടക്കുന്ന 35 സീറ്റുകളിൽ 26 എണ്ണവും ഡമോക്രാറ്റുകളുടെ ഒഴിവിലാണെന്നതാണ്. റിപ്പബ്‌ളിക്കൻസിന്റെ കൈയിലുള്ള സീറ്രുകളിൽ ഒൻപതെണ്ണത്തിലേ ഒഴിവ് മൂലം മത്സരമുണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ സെനറ്ര് തിരഞ്ഞെടുപ്പിൽ കൈയിലുള്ള 26 സീറ്റുകൾ നിലനിറുത്തുകയും റിപ്പബ്‌ളിക്കൻസിന്റെ ഒൻപതിൽ നിന്ന് ഏതാനും സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്‌താൽ മാത്രമേ സെനറ്റിൽ ഭൂരിപക്ഷം നേടുക എന്ന കടമ്പ ‌ഡമോക്രാറ്രുകൾക്ക് മറികടക്കാനാവൂ.

ഗവർണർ തിര‌ഞ്ഞെടുപ്പ്

ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ 36 സംസ്ഥാനങ്ങളിലേക്കുള്ള ഗവർണർ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ജനാധിപത്യ സഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാലുടൻ അടുത്ത അമേരിക്കൻ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ആ നിലയ്‌ക്ക് ഒരു സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അമേരിക്കയുടെ ഭാവി എങ്ങോട്ട് തിരിയുമെന്ന സൂചന ലഭിക്കുമെന്നതിനാൽ ലോകരാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്.

ട്രംപിന്റെ സ്ഥിതി

അമേരിക്കൻ പ്രസിഡന്റിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനം വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. നിലവിലെ റേറ്റിംഗ് പ്രകാരം ട്രംപിന്റെ പ്രതിച്ഛായ താരതമ്യേന കുറഞ്ഞ് 40 ശതമാനത്തിലെത്തി നിൽക്കുകയാണ്. എന്നാൽ തന്ത്രശാലിയായ കച്ചവടക്കാരനായ ട്രംപ് തനിക്ക് അനുകൂലമായ രാഷ്‌ട്രീയ ധ്രുവീകരണത്തിനാണ് എല്ലായ്‌പ്പോഴും എന്നപോലെ ഈ തിരഞ്ഞെടുപ്പിലും ശ്രമിക്കുന്നത്.

ട്രംപിന് ഒട്ടേറെ അനുകൂല ഘടകങ്ങളും ഉണ്ട്. അതിൽ ഏറ്രവും പ്രധാനം ശക്തമായ സമ്പദ് ഘടനയാണ്. പ്രാദേശിക തൊഴിലവസരങ്ങളിൽ വന്ന വർദ്ധനയും ട്രംപിന് ഗുണകരമായേക്കും. കുടിയേറ്ര നിയമങ്ങളിലെ കർക്കശ നിലപാടിലൂടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിപ്പിടിച്ച ' അമേരിക്ക അമേരിക്കക്കാർക്ക് ' എന്ന മുദ്രാവാക്യം ഊട്ടിയുറപ്പിക്കുകയാണ് ട്രംപ്. പതിവ് ചങ്ങാതി രാഷ്‌ട്രങ്ങളോടു പോലും മൃദുസമീപനം പുലർത്താതെ ലോക രാഷ്‌ട്രങ്ങളോട് ട്രംപ് സ്വീകരിക്കുന്ന മുട്ടാപ്പോക്ക് നയം വിശ്വവേദിയിൽ വിമർശനം നേരിടുമ്പോൾ സ്വന്തം രാജ്യത്ത് അത് ട്രംപിന് കൈയടി നേടിക്കൊടുക്കുന്നു എന്ന കാര്യം വിസ്‌മരിക്കാനാവില്ല.

അമേരിക്കൻ പൗരത്വം അനുവദിക്കുന്ന കാര്യത്തിൽ നിലവിലെ നയങ്ങൾ മാറ്റാനുള്ള ട്രംപിന്റെ നീക്കത്തിനും അമേരിക്കയിൽ പിന്തുണ ലഭിക്കുന്നുണ്ട്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞിന് മാതാപിതാക്കളുടെ പൗരത്വംനോക്കാതെ അമേരിക്കൻ പൗരത്വം ലഭിക്കുമായിരുന്നു. അത് എടുത്ത് കളയാനുള്ള ആലോചനയിലാണ് ട്രംപ്. ഇത് തിരഞ്ഞെടുപ്പ് വിഷയമായിത്തന്നെ ട്രംപ് ഉന്നയിക്കുന്നുണ്ട്. ഇതുപോലെ എച്ച് 1 ബി വിസ അനുവദിക്കുന്നതിലെ കർശന നിലപാടും ഇന്ത്യക്കാർക്ക് ദോഷകരമായി വന്നിരിക്കുകയാണ്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനി ഇവിടെ നിന്നുള്ളവരെ അങ്ങോട്ട് റിക്രൂട്ട് ചെയ്യുന്നതിന് പകരം അവിടെയുള്ളവരെ നിയമിക്കണമെന്നതാണ് ട്രംപിന്റെ നിലപാട്. അന്യരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരോട് ട്രംപ് പുലർത്തുന്ന നിഷേധാത്മക സമീപം പൊതുവെ വിമർശനം ഉയർത്തുന്നുണ്ടെങ്കിലും ഇതിലൂടെ പ്രാദേശിക സങ്കുചിത വാദം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ശ്രമം.

ഇന്ത്യ ഉറ്റമിത്രമല്ല

ഇന്ത്യ അമേരിക്കയുടെ ഉറ്റമിത്രമാണെന്ന കാഴ്‌ചപ്പാട് ട്രംപിനില്ല. ഇന്ത്യയെന്നല്ല ആരോടായാലും 'തനിക്ക് എന്ത് കിട്ടുമെന്ന' സങ്കുചിത ദേശീയ കാഴ്ചപ്പാടാണ് ട്രംപിന്റേത്. ഇന്ത്യ റിപ്പബ്‌ളിക് ദിനത്തിൽ മുഖ്യഅതിഥിയായി ക്ഷണിച്ചിട്ട് ട്രംപ് ആ ക്ഷണം നിരസിക്കുകയായിരുന്നു. റഷ്യയുമായിട്ടുള്ള വ്യാപാര കരാറിനോടുള്ള പ്രതിഷേധമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായ ഡൽഹിയിൽ പരേഡും വീക്ഷിച്ച് നാല് മണിക്കൂർ കുത്തിയിരിക്കാനുള്ള മടി കൂടി അതിന്റെ പിന്നിലുണ്ടെന്ന ഒരു കഥ നയതന്ത്രാലയങ്ങളുടെ ഇടനാഴികളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ത്യയോട് മൃദുസമീപനം ഇല്ലെന്നതിന്റെ മറ്റൊരു തെളിവാണ് കൈത്തറി ഉൾപ്പടെ 50 ഇനങ്ങൾക്കുള്ള നികുതി ഇളവ് എടുത്ത് കളഞ്ഞ ട്രംപിന്റെ നടപടിയിലൂടെ വ്യക്തമാകുന്നത്. പാക്കിസ്ഥാനുള്ള ഇളവ് കൂടി എടുത്ത് കളഞ്ഞു എന്ന് ഇന്ത്യക്കാർക്ക് വേണമെങ്കിൽ ആശ്വസിക്കാം. ട്രംപ് ഇരുരാജ്യങ്ങളെയും ഒരുപേലെയേ കാണുന്നുള്ളൂ. ചൈനയുടെ അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ ചൈനയെ അടിക്കാൻ ഉപയോഗിക്കാവുന്ന ഒരു വടിയെന്ന രീതിയിലേ ട്രംപ് ഇന്ത്യയെ കണ്ടിട്ടുള്ളൂ. അമേരിക്കയെ മിത്രമാക്കി ചൈനയെ പിണക്കുന്ന ഇന്ത്യൻ നിലപാടിനെ വിദേശകാര്യ വിദഗ്ധർ വിമർശിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല.

റിപ്പബ്ളിക്കൻസിന് ഭൂരിപക്ഷം ലഭിച്ചാൽ

ഇരുസഭകളിലും റിപ്പബ്ളിക്കൻസിന് ഭൂരിപക്ഷം നിലനിറുത്താനായാൽ അത് പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾക്കുള്ള പിന്തുണയായി മാറും. തന്റെ നടപടികളുമായി മുന്നോട്ടു പോകാനുള്ള കരുത്ത് ട്രംപിന് ലഭിക്കും. ഒബാമ കെയർ അടക്കമുള്ള പല പദ്ധതികളും ട്രംപ് എടുത്ത് കളഞ്ഞേക്കും. സമ്പന്നർക്ക് കൂടുതൽ നികുതി ഇളവുകളും പ്രഖ്യാപിച്ചേക്കും.

ഡെമോക്രാറ്റുകളുടെ നില

ട്രംപിന്റെ പ്രാദേശിക വാദത്തിലൂന്നിയ ധ്രുവീകരണ രാഷ്‌ട്രീയത്തെയാണ് ഡെമോക്രാറ്റിക് പാർട്ടി ശക്തമായി എതിർക്കുന്നത്. ട്രംപിന്റെ കർക്കശ നിപാടുകൾ ലോകസമൂഹത്തിൽ അമേരിക്കയുടെ പ്രതിച്ഛായ തകർത്തു എന്നവർ വാദിക്കുന്നു. കറുത്തവർഗക്കാരും വെള്ളക്കാരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതും അവർ പ്രചരണ ആയുധമാക്കുന്നു. ട്രംപ് അമേരിക്കക്കാരുടെ സമാധാനം കെടുത്തുന്നു എന്നാണ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്. റിപ്പബ്‌ളിക്കൻസിന് ഇക്കുറി 'ബ്ളഡി നോസ് ' ലഭിക്കും, അതായത് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻസിന്റെ മൂക്കിടിച്ച് പരത്തും എന്നും അവർ പ്രചരിപ്പിക്കുന്നു.

അതേസമയം എടുത്ത് പറയാവുന്ന നേതാവിന്റെ അഭാവം ഡെമോക്രാറ്റുകളെ അലട്ടുന്നുണ്ട്. അടുത്ത പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ആരായിരിക്കും ഡെമോക്രാറ്റുകളെ നയിക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കക്ഷിനേതാവായ നാൻസി പെലോസി ,​ മാസച്യുസെറ്റ്‌സ് സെനറ്റർ എലിസബത്ത് വാരൻ ഇന്ത്യൻ-ആഫ്രിക്കൻ വംശജയായ സെനറ്റർ കമല ഹാരിസ് കഴിഞ്ഞതവണ പാർട്ടിക്കുള്ളിൽ ഹിലാരിയോട് മത്സരിച്ച ബേണി സാന്റേഴ്‌സ് എന്നിവരുടെ പേരുകളാണ് 2020 ലെ പ്രസിഡന്റ്‌ഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുക. ട്രംപിനേക്കാൾ വലിയ വ്യവസായിയായ മൈക്ക് ബ്ളൂം ബർഗ്,കഴിഞ്ഞതവണ സ്ഥാനാർത്ഥിയായ ഹിലാരി ക്ളിന്റൺ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫലം

ഇരുസഭകളിലെയും തിരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമായാൽ ട്രംപിന് അത് വലിയ തലവേദനയാകും. ട്രംപിനെതിരായ വിവാദ വിഷയങ്ങളിൽ അന്വേഷണം വന്നേക്കും. ഇംപീച്ച്മെ‌ന്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡമോക്രാറ്രുകളുടെ മനസിലുണ്ട്. ഇരുസഭകളിലും ഭൂരിപക്ഷം നഷ്‌ടപ്പെട്ടാൽ പ്രസിഡന്റിന് വിഭജിത സഭയെ ആയിരിക്കും നേരിടേണ്ടി വരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം ട്രംപ് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും വരാൻ പോകുന്ന ദിനങ്ങളിൽ ഈ ഫലം നിർണായകമാകും. പൊതുവെ മാദ്ധ്യമങ്ങൾ ട്രംപിനെതിരാണ് . അതുകൊണ്ടുതന്നെ ട്രംപിന്റെ പതനമാകും ഈ തിരഞ്ഞെടുപ്പ് എന്ന പ്രവചനമാണ് അവർ നൽകുന്നത്. എന്നാൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിൽ ഭൂരിപക്ഷം ലഭിച്ചാലും സെനറ്റിൽ വിജയിക്കുക ‌ഡെമോക്രാറ്റുകളെ സംബന്‌ധിച്ചിടത്തോളം അത്ര എളുപ്പമായിരിക്കുകയില്ലെന്ന ശക്തമായ അഭിപ്രായവും അമേരിക്കക്കാർക്കിടയിലുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വോട്ടെണ്ണിത്തുടങ്ങും. നാളത്തെ തിരഞ്ഞെടുപ്പ് ട്രംപിന് ദീപാവലി ആകുമോ എന്നാണ് ഇന്ത്യയും ഉറ്റുനോക്കുന്നത്.

പ്രചാരണരീതി

ഒരു ഇടക്കാല തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്കയിൽ എത്തിയത്. എന്നാൽ അങ്ങനെയൊരു തിര‌ഞ്ഞെടുപ്പ് അവിടെ നടക്കുന്നതായി ഒറ്റനോട്ടത്തിൽ മനസിലാവില്ല. നമ്മുടെ നാട്ടിലെപ്പോലെയുള്ള പ്രചാരണ കോലാഹലങ്ങൾ ഒന്നും അവിടെയില്ല. ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരുക്കും പ്രചാരണയോഗങ്ങൾ. നമ്മുടെ നാട്ടിലെപ്പോലെ മൈക്ക് കെട്ടിവച്ച് റോഡിലൂടെ അലറി വിളിച്ച് നാട്ടുകാരുടെ സമാധാനം കെടുത്തുന്ന ഒരു ഏർപ്പാടും അവിടെയില്ല. അറ്റ്‌ലാന്റയിൽ പ്രമുഖ വാർത്താ ചാനലായ സി.എൻ.എന്നിന്റെ ആസ്ഥാനം സന്ദർശിച്ചപ്പോൾ അവിടെയുള്ള മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യങ്ങൾ വിശദീകരിച്ച് തന്നു. പട്ടി കുരയ്‌ക്കുന്നത് അയൽക്കാരന് ശല്യമായാൽ അകത്തായിപ്പോകുന്ന രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ ശല്യം സൃഷ്ടിക്കുകയില്ല. ഒരു കൂട്ടരും ശ്രമിക്കില്ല. അവർക്ക് അതിന് കഴിയുകയുമില്ല. എന്നാൽ പത്രങ്ങളിലും ചാനലുകളിലും തിരഞ്ഞെടുപ്പ് വിശകലനങ്ങളും ചർച്ചകളും സജീവമാണ്.

ചരിത്രമെഴുതി സ്‌റ്റേസി അബ്രാംസ്

ജോർജിയ സംസ്ഥാനത്ത് ഇതാദ്യമായി ഒരു കറുത്ത വർഗക്കാരി പ്രമുഖ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ്‌റ്റേസി അബ്രാംസ് ആണ് അമേരിക്കയിൽ തന്നെ ഈ ചരിത്രം സൃഷ്‌ടിക്കുന്നത്.

ഇന്ത്യൻ വംശജരായ 12 പേരും മത്സരരംഗത്തുണ്ട്. ഇവരിൽ മൂന്ന് പേർ സ്‌ത്രീകളാണ്. അരിസോണയിൽ മത്സരിക്കുന്ന പ്രമീള ജയ്‌പാലിന് മലയാളി ബന്‌ധമുണ്ട്.

TAGS: DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.