ദേവഗൗഡയും ഖാർഗെയും രാജ്യസഭയിലേക്ക്

Saturday 13 June 2020 1:13 AM IST

DEVEGOWDA KHARGE

ന്യൂഡൽഹി: കർണാടകയിൽ ഒഴിവ് വന്ന നാല് രാജ്യസഭാ സീറ്റുകളിൽ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ, ബി.ജെ.പി സ്ഥാനാർത്ഥികളായ ഇറണ്ണ കദദി, അശോക് ഗസ്‌തി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനാൽ നാലുപേരും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ജൂൺ 19നാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയിലും തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ദേവഗൗഡയ്‌ക്കും ഖാർഗെയ്‌ക്കും രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. 87കാരനായ ദേവഗൗഡ 1996ൽ പ്രധാനമന്ത്രിയായ സമയത്താണ് മുമ്പ് രാജ്യസഭാംഗമായത്. രാജ്യസഭാ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ 45 വോട്ടുകൾ വേണമെന്നിരിക്കെ നിയമസഭയിൽ 34 സീറ്റുകളുള്ള ജെ.ഡി.എസ് കോൺഗ്രസിന്റെ പിന്തുണ തേടിയിരുന്നു.

മുൻ കേന്ദ്രമന്ത്രികൂടിയായ മല്ലികാർജ്ജുന ഖാർഗെ ആദ്യമായാണ് രാജ്യസഭയിലേക്ക് പോകുന്നത്. 2019ൽ ഗുൽബർഗയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥി ഉമേഷ് ജാദവിനോട് തോറ്റിരുന്നു. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇറണ്ണ കദദി, അശോക് ഗസ്‌തി എന്നിവർക്ക് സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് മറികടന്ന് ബി.ജെ.പി ദേശീയ നേതൃത്വമാണ് അവസരം നൽകിയത്.