മുളക്കുടി കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു; യാത്രക്കാർ ഭീതിയിൽ

Monday 13 October 2025 2:06 AM IST
ആഞ്ഞിലിത്താനം -കുന്നന്താനം റോഡിലെ മുളക്കുടി കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ നിലയിൽ

തിരുവല്ല : ആഞ്ഞിലിത്താനം - പാമല -കുന്നന്താനം റോഡിലെ മുളക്കുടി കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് യാത്രക്കാർക്ക് ഭീഷണിയായി. കുന്നന്താനം പഞ്ചായത്തിലെ പത്താം വാർഡിൽ മുളക്കുടി ചാലിന് കുറുകെ നിർമ്മിച്ചിട്ടുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തിയാണ് ബലക്ഷയത്തെ തുടർന്ന് ഇന്നലെ ഇടിഞ്ഞുവീണത്. വാഹനം ഇടിച്ച് തകർന്നതാണോയെന്നും നാട്ടുകാർ സംശയിക്കുന്നു. കാലപ്പഴക്കത്തെ തുടർന്ന് കലുങ്ക് തകർച്ചയിലായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ കമ്പികൾ പലതും തുരുമ്പിച്ച് ദ്രവിച്ചനിലയിലാണ്. തിരുവല്ല- മല്ലപ്പള്ളി റോഡിനെയും തോട്ടഭാഗം -ചങ്ങനാശേരി റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്നത്. കുന്നന്താനം ഭാഗത്ത് നിന്ന് കോഴഞ്ചേരി ഭാഗത്തേക്കും തിരികെയും ടിപ്പറും ടോറസും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ പോകുന്നതും ഇതുവഴിയാണ്. ഇടുങ്ങിയ കലുങ്ക് വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിലെ കലുങ്ക് പുനർനിർമ്മിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

.................................

സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് അപകട ഭീതിയിലാണ് സമീപവാസികളും യാത്രക്കാരുമെല്ലാം. തിരക്കേറിയ റോഡിലെ ബലക്ഷയമുള്ള കലുങ്ക് പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

(പ്രദേശവാസികൾ)​