കാപ്പാ ലംഘനം :യുവാവിനെതിരെ കേസ്

Tuesday 14 October 2025 12:43 AM IST

തൊടുപുഴ: കാപ്പ ലംഘനം നടത്തിയ കേസിൽ യുവാവിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തെക്കുംഭാഗം കണിയാംമൂഴിയിൽ വീട്ടിൽ വിനയരാജ് ( 24 )നെതിരെയാണ് കേസെടുത്തത്. 6 മാസക്കാലത്തേക്ക് യാതൊരു കേസിലും ഉൾപ്പെടാൻ പാടില്ലെന്ന എറണാകുളം റേഞ്ച് ഡിഐ.ജിയുടെ കർശന ഉത്തരവ് പ്രകാരം തൊടുപുഴ സ്റ്റേഷനിൽ ഒപ്പിട്ട് വരികയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം മുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ ഇയാൾ പിടിയിലായി. മുട്ടം പൊലീസ് പ്രതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കാപ്പാ ലംഘനത്തിന് തൊടുപുഴ പൊലീസ് കേസെടുത്തത്. കാപ്പാ ലംഘനത്തിന് പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.