മോട്ടിവേഷണൽ സ്‌പീക്കർ, സംഘടനാ നേതാവ്; ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Tuesday 14 October 2025 1:27 PM IST

മലപ്പുറം: ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനുശേഷം 24കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് സദ്ദാമിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം സെപ്‌തംബർ 30 മുതൽ ഈ മാസം ഒക്‌ടോബർ വരെയുള്ള കാലയളവിലാണ് പീഡനശ്രമം നടന്നത്. യുവതി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്നും മോട്ടിവേഷൻ സ്‌പീക്കർ ആണെന്നും പറഞ്ഞാണ് ഇയാൾ സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ടത്. പിന്നാലെ വിവാഹം ചെയ്യുമെന്ന വാഗ്ദാനവും നൽകി. ഇത് പെൺകുട്ടിയുടെ കുടുംബത്തിനും അറിയാമെന്ന് വിശ്വസിപ്പിച്ചു. ഇതിനുശേഷമാണ് പെൺകുട്ടിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പുറത്തുകൊണ്ടുപോയി പീഡിപ്പിക്കാനും ഇയാൾ ശ്രമിച്ചു.

സദ്ദാമിന്റെ പെരുമാറ്റത്തിൽ മാനസിക ബുദ്ധിമുട്ട് തോന്നിയ യുവതി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു. തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം ഏഴിന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.