ചെങ്ങന്നൂർ: ഗുജറാത്ത് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന തോമസ് മാർ അത്താനാസിയോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. ഗുജറാത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം അവിടെ നിരവധി വിദ്യാലയങ്ങൾ തുടങ്ങി. മനുഷ്യനെ ഭക്ഷണവും വെളളവും പോലെ വിദ്യാഭ്യാസവും പരമപ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം അദ്ദേഹം വിനിയോഗിച്ചു.
ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനായി അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ സമീപിച്ചപ്പോൾ ഉളള അനുഭവം അദ്ദേഹം തനിക്കു ലഭിക്കുന്ന എല്ലാ പൊതു വേദികളിലും പറയുമായിരുന്നു. ഗുജറാത്തിൽ സ്‌ക്കൂൾ തുടങ്ങാൻ അനുമതി തേടി ചെന്ന സമയത്ത് മുൻകൂട്ടി അനുവാദവില്ലാതെ മോദിയെ കാണാൻ സാധിച്ചതും അനുമതി അടക്കമുളള കാര്യങ്ങൾ അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട് സമയബന്ധിതമായി ലഭിച്ചതും അദ്ദേഹം ഓർമ്മിക്കുമായിരുന്നു. ഗുജറാത്തിലെ പിന്നാക്ക വിഭാഗക്കാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മോദി പ്രധാനമന്ത്രിയായപ്പോഴും പഴയകാല അടുപ്പം കാത്തുസൂക്ഷിക്കുവാനും അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിക്കുവാനുളള സ്വാതന്ത്രവും മാർ അത്താനാസിയോസിന് ഉണ്ടായിരുന്നു. അതേ സമയം കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുമായും അദ്ദേഹം വ്യക്തിബന്ധം പുലർത്തിയിരുന്നു. എല്ലാ നേതാക്കന്മാരോടും വിദ്യാഭ്യാസ പ്രവർത്തനങ്ങളെപ്പറ്റിയും പാഠ്യപദ്ധതിയിൽ വരുത്തേണ്ട കാലോചിതമായ പരിഷ്‌ക്കാരങ്ങളെപ്പറ്റിയും അദ്ദേഹം തന്റേതായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |