ചേലക്കര: വീട്ടിലേക്കുളള വഴിയിൽ ചപ്പുചവറിട്ടത് കുടുംബാംഗങ്ങൾ തമ്മിലുളള വഴക്കിൽ കലാശിച്ചതോടെ ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ തമ്മിലടിച്ചു. ചേലക്കോട് കാട്ടിൽ വീട്ടിൽ ഇരട്ടകളായ പ്രദീപ് കുമാർ, ദിലീപ് കുമാർ എന്നിവരാണ് ഏറ്റുമുട്ടിയത്. പ്രദീപ് കുമാർ പഴയന്നൂർ സ്റ്റേഷനിലും ദിലീപ് കുമാർ വടക്കാഞ്ചേരി സ്റ്റേഷനിലും ഗ്രേഡ് എസ്.ഐമാരാണ്. സംഭവം പുറത്തറിഞ്ഞതോടെ കമ്മിഷണർ ആർ. ഇളങ്കോ ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എസ്.ഐമാർ കുടുംബത്തോടൊപ്പം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ചേലക്കര പൊലീസ് വിവരം അറിഞ്ഞത്. ഇരുവർക്കുമെതിരെ കേസെടുത്തതായി ചേലക്കര എസ്.എച്ച്.ഒ അറിയിച്ചു. ചികിത്സ തേടിയ ഇരുവരും ഉടൻ ആശുപത്രി വിട്ടു.
രണ്ടുപേർക്കും നിസാര പരിക്കുണ്ട്. പ്രദീപിന്റെ കൈയ്ക്ക് നേരിയ ചതവുണ്ട്. ജ്യേഷ്ഠസഹോദരനും ഇരട്ട സഹോദരൻമാരും മൂന്നു വീടുകളിലായാണ് താമസം. മുൻപ് ഒരുമിച്ചായിരുന്നു. വീടുകൾക്ക് പൊതുവായി ഒരു വഴിയാണ്. ഈ വഴിയിൽ ഇന്നലെ രാവിലെ ചപ്പുചവറുകൾ ഇട്ടുവെന്ന് പറഞ്ഞായിരുന്നു കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക് തുടങ്ങിയത്. ആദ്യം ഫോണിലായിരുന്നു തർക്കം. പിന്നീട് തമ്മിലടിച്ചു.
കുടുംബങ്ങൾ തമ്മിൽ കുറച്ചു കാലങ്ങളായി ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്ന് പറയുന്നു. മേലുദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു. ദിലീപ് കുമാർ മുൻപ് സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടക്കാഞ്ചേരിയിൽ ചുമതലയേറ്റത്. ഇരുവർക്കുമെതിരെ മറ്റ് പരാതികളൊന്നുമില്ല. സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണുളളതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |