
ചെന്നൈ: വണ്ണം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. മധുര മീനമ്പൽപുരത്തെ കലയരസി എന്ന കോളേജ് വിദ്യാർത്ഥിനിയാണ് (19) മരിച്ചത്. നരിമേട്ട് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. വേൽമുരുകൻ - വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്‌സ്) ആണ് പെൺകുട്ടി വാങ്ങിക്കഴിച്ചത്.
ജനുവരി 16നാണ് കലയരസി കടയിൽ നിന്ന് വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ മരുന്ന് കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവുമുണ്ടായി. തുടർന്ന് മുനിച്ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതോടെ മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |