
ന്യൂഡൽഹി: പിതാവിനോടുള്ള പ്രതികാരം തീർക്കാൻ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്നലെ ഉച്ചയ്‌ക്ക് വടക്കൻ ഡൽഹിയിലെ നരേല മേഖലയിലാണ് സംഭവം. മരണപ്പെട്ട കുട്ടിയുടെ പിതാവിന്റെ കമ്പനിയിൽ ഡ്രൈവറായ നിതു (26) എന്നയാളാണ് പ്രതി. നിതു വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവ് നടത്തുന്ന ട്രാൻസ്‌പോർട്ട് സ്ഥാപനത്തിൽ എട്ട് ഗുഡ്‌സ് ഓട്ടോകളുണ്ട്. ഇതിൽ ഒന്നിന്റെ ഡ്രൈവറായിരുന്നു നിതു. തിങ്കഴാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ ശേഷം നിതുവും മറ്റൊരു ഡ്രൈവറായ വസീമും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടായി. നിതു വസീമിനെ മർദിക്കുകയും ചെയ്‌തു. വസീം പരാതിപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി നിതുവിനെ മർദിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ചൊവ്വാഴ്‌ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിതു തട്ടിക്കൊണ്ടുപോയത്.
കത്തിയും ഇഷ്‌ടികയും ഉപയോഗിച്ചാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്. വൈകിട്ട് 3.30ഓടെ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് നിതുവിന്റെ താമസസ്ഥലത്ത് നിന്നും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ കഴുത്തിലും തലയിലും മുറിവുകളുണ്ടായിരുന്നു.
ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമാണ് നിതുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഉടൻതന്നെ നിതുവിനെ പിടികൂടുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരേശ്വർ വി സ്വാമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |